സേലം: തമിഴ്നാട്ടിലെ സേലത്ത് ശങ്കരഗിരിയിൽ ക്ഷേത്രത്തിൽ തീക്കനലിലൂടെ നടക്കുന്ന ആചാരത്തിനിടെ കാൽവഴുതി തീക്കനലിൽ വീണു വിശ്വാസിക്ക് ഗുരുതര പൊള്ളലേറ്റു.
ബെനിയനും മുണ്ടും ഷാളും മാത്രം ധരിച്ചു നഗ്നപാതനായി തീക്കനലിലൂടെ നടക്കുന്നതാണ് ആചാരം. ക്ഷേത്ര പൂജാരി രണ്ടു കുടമേന്തി വെള്ളിയാഴ്ച തീക്കനലിനു മീതെ നടന്നതോടെ ആചാരത്തിനു തുടക്കമായി.
ഇതിനുശേഷം വിശ്വാസികളും തീക്കനലിനു മീതെ നടന്നു തുടങ്ങി. ഇതിനിടെയാണ് വയോധികൻ എന്നു തോന്നിക്കുന്ന വിശ്വാസി കാൽവഴുതി കനലിലേക്കു പതിച്ചത്.
ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് വിശ്വാസികൾ ഇയാളെ വലിച്ചു മാറ്റുകയും ദേഹത്തേക്ക് വെള്ളം ഒഴിക്കുകയും ചെയ്തു. വൈകാതെ ഇയാളെ എടപ്പാടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുകൈകളിലും ഇലകൾ പിടിച്ചു തീക്കനലിനു മീതെ ഓടുന്നതിനിടെ വിശ്വാസി കാൽവഴുതി വീഴുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന് ഇയാളെ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
അരസിരമണി കുള്ളംപട്ടിയിലെ ഭദ്രകാളി അമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ആചാരത്തിനിടെയായിരുന്നു സംഭവം. ഫെബ്രുവരി 17 നാണ് ക്ഷേത്രോത്സവം ആരംഭിച്ചത്.