കാട്ടാക്കട: തിരുവനന്തപുരം നെയ്യാര്‍ ഡാമിൽ ബെൽജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിൽ വൈദ്യൻ പിടിയിൽ. കോട്ടൂർ സ്വദേശി ഷാജി (44)യാണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 15നാണ് ഹോം സ്റ്റേയിൽ വച്ച് പരിചയപ്പെട്ട വിദേശ വനിതയെ ഷാജി പീഡിപ്പിച്ചത്. യോഗ പഠിക്കാനാണ് മൂന്ന് മാസം മുമ്പ് ബെല്‍ജിയം സ്വദേശിയായ യുവതി തിരുവനന്തപുരത്ത് എത്തിയത്.
നെയ്യാര്‍ ഡാമിലെ ഹോം സ്റ്റേയില്‍ വച്ചാണ് ഇയാള്‍ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുമായുള്ള പരിചയം മുതലാക്കി സ്വന്തം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് ഇയാള്‍ ക്ഷണിക്കുകയായിരുന്നു. ഇവിടെ എത്തിയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിന് പിന്നാലെ എറണാകുളത്തേക്ക് പോയ യുവതി തിരിച്ചെത്തിയ ശേഷം അസുഖബാധിതയായി കാട്ടാക്കടയിലെത്തി ചികിത്സ തേടുകയായിരുന്നു.
ഇവിടുത്തെ ഡോക്ടറോട് നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്ക് എത്തിച്ചത്. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.