പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിലെ ജ്വലറി മോഷണ കേസിലെ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ് .
പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുവരെ കിട്ടിയ ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല. ഏഴ് ഗ്രാം സ്വർണവും അരികിലോയോളം വെള്ളിയുമാണ് മോഷണം പോയത്.
ശനിയാഴ്ച അർദ്ധരാത്രിയിലാണ് ഇലവുംതിട്ട ജംഗ്ഷനിലെ വനിത ജ്വലറിയിൽ മോഷണം നടന്നത്. ഹെൽമറ്റും മാസ്കും ധരിച്ച രണ്ട് പേരാണ് ജ്വലറിക്കുള്ളിൽ കയറിയത്. ജ്വലറിയിലെ സിസിടിവിയിൽ രണ്ട് പേരുടെയും ദൃശ്യങ്ങൾ വ്യക്തമായിരുന്നു.
എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് നായ മണം പിടിച്ച് ഓടിയ വഴിയിലെ സിസിടിവികളും പരിശോധിച്ചു. ചില സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടിവിയിലും പ്രതികൾ ഓടുന്നതിന്റെ ദൃശ്യങ്ങളുണ്ട്. സമീപത്തെ കള്ള് ഷാപ്പ് വരെയാണ് പൊലീസ് നായ ഓടിയത്.