
പാലക്കാട്: കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ പാലക്കാട് മുങ്ങി മരിച്ചു.
മാട്ടുമന്ത മുരുകണി സ്വദേശിയായ രമേശിന്റെ മകൻ വൈഷ്ണവ് (19), മുരുകണി ഉണ്ണികൃഷ്ണന്റെ മകൻ അജയ് കൃഷ്ണൻ (18) എന്നിവരാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് മരിച്ചവർ.
ചൊവ്വാഴ്ച രാവിലെ 11 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മുക്കയ് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കളാണ് മുങ്ങി മരിച്ചത്.
ഇക്കോ വില്ലേജിന് സമീപത്തുള്ള കടവിലിലാണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. പ്രദേശത്തെ കടവിൽ ആഴമുള്ള ഭാഗത്ത് ചെളി അടിഞ്ഞിരുന്നു.
ചെളിയിൽ താഴ്ന്ന് പോയാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മലമ്പുഴ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ചിറ്റൂരിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രണ്ടു പേരുടെയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ് മോർട്ടം നടപടികൾ ബുധനാഴ്ച പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.