കൊച്ചി: കരൾ രോഗം സംബന്ധിച്ച് ചികിത്സയിൽ കഴിയുന്ന നടൻ ബാലയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെങ്കിലും കരൾ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് അമൃതാ ആശുപത്രി കരൾ രോഗ വിദഗ്ധൻ ഡോ. എസ്. സുധീന്ദ്രൻ.
ബാലയുടെ കരളിന്റെ പ്രവർത്തനം 20 ശതമാനം മാത്രമാണെന്നും മരുന്നു കഴിച്ച് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
3 വർഷമായി കരൾ രോഗത്തിന് അമൃതയിൽ ചികിത്സ നടത്തി വരികയായിരുന്നു ബാല. മൂന്നാഴ്ചയായി വളരെ അധികം മോശമായ ആരോഗ്യ സ്ഥിതിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോൾ വളരെ മോശമായ ആരോഗ്യ നിലയിലായിരുന്നു ബാല.
പിത്തരസം വളരെ കൂടുതലും രക്തം കട്ടപിടിക്കാത്ത അവസ്ഥയിലുമായിരുന്നു. ഐ.സി.യുവിലെ ചികിത്സയിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ലിവർ സിറോസിസ് പിടിപെട്ട കരൾ സാധാരണ കരൾ പോലെ ആരോഗ്യത്തോടെ വീണ്ടും വളരില്ല. മരുന്നുകൾ ഉണ്ടെങ്കിലും അത്രകണ്ട് ഫലപ്രദമാകില്ല. അതു കൊണ്ട് തന്നെയാണ് കരൾ മാറ്റിവയ്ക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നതെന്നും ഡോ. എസ്. സുധീന്ദ്രൻ പറഞ്ഞു.
കേരളത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ കരൾ ലഭ്യത വളരെ കുറവാണ്. അതിനാൽ ബന്ധുക്കളുടെ കരളിന്റെ പകുതി മുറിച്ചു വച്ചാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. അക്കാര്യം ബന്ധുക്കളെ അറിയിച്ച് അതിനുള്ള നിയമ നടപടികളും തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്.
ദാതാവിനെ ലഭിച്ചാലും കുറച്ചു ദിവസങ്ങളോളം നിയമ നടപടികൾ പൂർത്തിയാക്കാനായി എടുക്കും. കൂടാതെ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവം ലഭിക്കാനായി ആശുപത്രിയിലെ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ടെന്ന് ഡോ. എസ്. സുധീന്ദ്രൻ പറഞ്ഞു. നിലവിൽ ബാലയുടെ ആരോഗ്യ സ്ഥിതിയിയിൽ ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് ബാലയെ അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലാരിവട്ടം മാമംഗലത്തെ വീട്ടിൽ വച്ച് ഛർദ്ദിച്ച് അവശനായി ബോധം മറഞ്ഞതോടെയാണ് ബാലയെ സുഹൃത്തുക്കളും സഹായികളും ചേർന്ന് അമൃതാ ആശുപത്രിയിൽ എത്തിക്കുന്നത്.