ചാരുംമൂട്: ബില്ല് അടച്ചിട്ടും മന്ത്രി പി.പ്രസാദിന്റെ വീട്ടിലെ വൈദ്യുതി വിഛേദിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാരന് സസ്‌പെന്‍ഷന്‍.
നൂറനാട് വൈദ്യുതി ഓഫീസിലെ ലൈന്‍മാനായ സനല്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
മന്ത്രിയുടെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദുതിയായിരുന്നു നൂറനാട് വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ വിഛേദിച്ചത്. കഴിഞ്ഞ 24 ന് ഓണ്‍ലൈനായി മന്ത്രി വൈദ്യുതി ചാര്‍ജ് അടച്ചിരുന്നു. എന്നാല്‍ ബില്ലടച്ചിട്ടും വീട്ടില്‍ വൈദ്യുതി എത്തിയിരുന്നില്ല.
തിങ്കളാഴ്ച മന്ത്രിയുടെ സുഹൃത്തായ പഞ്ചായത്തംഗം ഓഫീസിലെത്തി അന്വേഷിക്കുമ്പോഴാണ് വൈദുതി വിഛേദിച്ച വിവരം അറിഞ്ഞത്. പണം അടച്ചിരുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് കണക്ഷന്‍ നല്‍കുകയായിരുന്നു സംഭവത്തെ കുറിച്ച് ഹരിപ്പാട് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം.വി.മധു, മാവേലിക്കര അസി.എക്‌സി.എന്‍ജിനിയര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണം നടത്തിയിരുന്നു. നൂറനാട് കെ.എസ്.ഇ.ബി ഓഫീസിലും മന്ത്രിയുടെ നൂറനാട്ടെ വീട്ടിലും പരിശോധന നടത്തിയ സംഘം വിഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ലൈന്‍മാനായ സനല്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.