
തൃശൂര്‍: തൃശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് മാറി നൽകിയ രോഗിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
അസുഖം ഭേദമായതിനാൽ വീട്ടിലേക്ക് മടങ്ങാനിരുന്ന ചാലക്കുടി പോട്ട പേരാട് വീട്ടിൽ മണി അയ്യപ്പന്‍റെ മകൻ അമലാണ് (25) മാറിനൽകിയ മരുന്ന് കഴിച്ചതു മുതൽ വെന്‍റിലേറ്ററിൽ കഴിയുന്നത്.
ആശുപത്രിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പിൽ നിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായത്.
ഡോക്ടർ എഴുതി നൽകിയ മരുന്നിന് പകരം ഒരു ബന്ധവുമില്ലാത്ത മറ്റൊരു മരുന്ന് അധികൃതർ നൽകുകയായിരുന്നു. 110 രൂപയും ഇതിന് ഈടാക്കി.
ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസം ഉണ്ടാകുകയുമായിരുന്നു. അപസ്മാരത്തിന്‍റെ ലക്ഷണം കണ്ടതോടെ വെന്‍റിലേറ്റർ സഹായമുള്ള ഐസിയുവിലേക്ക് മാറ്റി.
പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കുറിപ്പിലെ എഴുത്ത് മനസിലായില്ലെന്ന കാരണം നിരത്തി മരുന്നു കുറിച്ച ഡോക്ടറിൽ കുറ്റം ചുമത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ന്യായവില മെഡിക്കൽ ഷോപ്പ് അധികൃതരെന്ന് ആരോപണവുമുണ്ട്.
മരുന്ന് മാറി നൽകിയ വിവരമറിഞ്ഞെത്തിയ ഡോക്ടർ ഷോപ്പ് ചുമതലക്കാരനെ വാർഡിൽ വിളിച്ചുവരുത്തി ശാസിച്ചു. തുടർന്ന്, നടത്തിപ്പുകാരൻ ചികിത്സയിലുള്ള അമലിന്‍റെ പിതാവിനെ കണ്ട് തെറ്റുസമ്മതിച്ച് പ്രശ്‌നം ഒതുക്കിത്തീർക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതർക്ക് മണി പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.