ചെന്നൈ: പ്രശസ്തിക്ക് വേണ്ടി വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശിയെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു.
തമിഴ്നാട്ടിൽ അതിഥിതൊഴിലാളികൾക്കുനേരെ ആക്രമണം നടക്കുന്നതായിട്ടായിരുന്നു വ്യാജപ്രചാരണം. പ്രശസ്തിക്കുവേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഇതേ രീതിയിൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ഏഴു പേർക്കെതിരേയാണ് തമിഴ്‌നാട് പോലീസ് കേസെടുത്തിട്ടുള്ളത്.
ബിഹാർ സ്വദേശിയായ രൂപേഷ്‌കുമാർ (23) നേരത്തേ അറസ്റ്റിലായിരുന്നു. ഝാർഖണ്ഡ് സ്വദേശിയായ മനോജ് യാദവിനെ (43) താംബരം പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.
25 വർഷമായി ചെന്നൈയ്ക്കടുത്ത് മാരൈമലൈ നഗറിൽ ജോലിചെയ്യുന്നയാളാണ് മനോജ് യാദവ്. ഉത്തരേന്ത്യൻ തൊഴിലാളികൾക്കുനേരെ വ്യാപകമായി ആക്രമണങ്ങൾ നടക്കുന്നുവെന്നു വിലപിക്കുന്ന മനോജ് യാദവിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് താംബരം പോലീസ് അറിയിച്ചു.
നിർമാണജോലി നടക്കുന്ന സ്ഥലത്തു വച്ച് മനോജ് യാദവും കൂട്ടുകാരും ചേർന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് സൈബർ പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു അറസ്റ്റ് . വീഡിയോയുടെ തുടക്കത്തിൽ ഒരാൾ ചിരിക്കുന്നതും വ്യക്തമാണ്.
മനീഷ് കശ്യപ് എന്ന ട്വിറ്റർ ഐഡിയിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. മാധ്യമപ്രവർത്തകൻ, പബ്ലിക് ഫിഗർ എന്നാണ് ഇയാൾ ട്വിറ്ററിൽ സ്വയം വിശേഷിപ്പിച്ചിരുന്നത്.
മുഖത്തും തലയിലും ബാൻഡേജുകളുമായി രണ്ടുപേർ മാധ്യമങ്ങൾക്ക് മുന്നിലെ ത്തി വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെ, ഇത്രകാലം തമിഴ്‌നാട്ടിൽ ജോലിചെയ്തിട്ടും തനിക്ക് ദുരനുഭവമൊന്നുമുണ്ടായിട്ടില്ലെന്നും പ്രശസ്തി കൊതിച്ചാണ് വ്യാജവീഡിയോ പ്രചരിപ്പിച്ചതെന്നും മനോജ് യാദവ് പറയുന്നതിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഇതുസംബന്ധിച്ച വസ്തുതാന്വേഷണത്തിനായി ബിഹാറിൽനിന്നും ഝാർഖണ്ഡിൽനിന്നുമുള്ള സംഘങ്ങൾ തമിഴ്‌നാട്ടിലെത്തിയിരുന്നു. ആക്രമണം സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതായി ഝാർഖണ്ഡ് സർക്കാർ അറിയിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തയ്യാറാക്കിയ റിപ്പോർട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സമർപ്പിച്ചിട്ടുണ്ട്. ഡി.എം.കെ. എം.പി. ടി.ആർ. ബാലു ബിഹാറിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.
സംസ്ഥാനത്തെ അതിഥിതൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മനസിലാക്കാൻ തമിഴ്‌നാട് സർക്കാർ സമഗ്രവിവരശേഖരണത്തിന് തുടക്കമിട്ടു.