തിരുവനന്തപുരം: തിരുവല്ലം പൂങ്കുളത്ത് പുരയിടത്തിലെ മണ്ണിടിഞ്ഞ് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പൂങ്കുളം സിഗ്നൽ സ്റ്റേഷന് സമീപം സുജിത ഭവനിൽ ജയനാ (52) ണ് മരിച്ചത്. നിർമാണ തൊഴിലാളിയാണ്.
വ്യക്തിയുടെ നിർമ്മാണം നടക്കുന്ന പുരയിടത്തിൽ മണ്ണ് നിരത്തിക്കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.
സംഭവ സമയം മറ്റാരു തൊഴിലാളി ഓടി മാറിയതിനാൽ നിസാര പരിക്കുക്കളോടെ രക്ഷപ്പെട്ടു. ആനക്കുഴി സ്വദേശി ചന്ദ്രനാണ് രക്ഷപ്പെട്ടത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ 12 അടിയോളം പൊക്കമുള്ള സമീപത്തെ പുരയിടത്തിൽ നിന്നും വാട്ടർ ടാങ്ക് അടക്കം മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. മണ്ണ് ഇടിയുന്നത് കണ്ട് ചന്ദ്രൻ ഓടി മാറിയെങ്കിലും ജയൻ മണ്ണിനടിയിൽ പെടുകയായിരുന്നു.
നാട്ടുകാർ ആദ്യം രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് ജയൻ പൂർണ്ണമായും മണ്ണിനടിയിൽപ്പെട്ടു.
വിഴിഞ്ഞത്ത് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് മാറ്റി 7.45ന് ജയനെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജയന്‍റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ- ഷീലാകുമാരി. മക്കൾ: സുജിത്, സുജിതകുമാരി.