എറണാകുളം: ബ്രഹ്മപുരം തീപ്പിടുത്തത്തിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. ബ്രഹ്മപുരം പ്രശ്നത്തിൽ ഇനി വേണ്ടത് ശാശ്വത പരിഹാരമാണ്. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല. ഷൂട്ടിനായി .പൂനയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.
വീട്ടിലെത്തിയപ്പോൾ നല്ല ചുമ. പിന്നാലെ അത് ശ്വാസംമുട്ടലായി മാറി. വയനാട് ആയിരുന്നു കഴിഞ്ഞ ദിവസത്തെ ഷൂട്ടിങ്. ചുമ ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.
പലരും മാറി നിൽക്കുകയാണെന്നും വീട് വിട്ടുപോയെന്നുമൊക്കെയാണ് പറയുന്നത്. എറണാകുളം ജില്ലയിൽ മാത്രമല്ല, സമീപ ജില്ലകളിലും ഇത് വ്യാപിച്ചു. വലിയ അരക്ഷിതാവസ്ഥയാണെന്നും നടൻ പറഞ്ഞു. ബ്രഹ്മപുരം പ്ലാന്റ് തുടങ്ങിയത് മുതൽ അവിടത്തെ പ്രശ്നങ്ങളും കേൾക്കുന്നുണ്ട്.
അത് പരിഹരിക്കേണ്ട ബാധ്യത ഭരണകർത്താക്കൾക്കുണ്ട്. പരിഹരിക്കാനുള്ള സംവിധാനം ഇവിടെയില്ലെങ്കിൽ വിദേശത്തുള്ള മാതൃകകൾ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലിൽ വച്ചു മാറിനിന്ന് ആരോപണങ്ങൾ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നനമ്മൾ മാറരുത്.
പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ കാര്യത്തിൽ നമ്മളുടെ ഉത്തരവാദിത്തങ്ങൾ നമ്മൾ നിറവേറ്റണം. പ്ലാസ്റ്റിക്കിനെ മാറ്റി നിർത്തണം. കൊച്ചി ഒരു മഹാ നഗരമായി മാറി കഴിഞ്ഞു.
ദിനംപ്രതി കൊച്ചി വളരുകയാണ്. വെള്ളവും റോഡും പോലെ തന്നെ മികച്ച അടിസ്ഥന സൗകര്യങ്ങളിലൊന്ന് തന്നെയാണ് മാലിന്യ സംസ്ക്കരണം. കൊച്ചിയെ ഇനിയും പുക കൂട്ടിലിട്ട് ശ്വാസം മുട്ടിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.