കോഴിക്കോട്: പതിനേഴ് വർഷം മുമ്പ് വയനാട് വൈത്തിരി ജംഗിള്‍പാര്‍ക്ക് റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പത്താം പ്രതിയെ സൗദിയില്‍ നിന്നു പിടികൂടി കോഴിക്കോട്ടെത്തിച്ചു.
കോഴിക്കോട് ചേവായൂര്‍ സ്വദേശി അറയ്ക്കല്‍ അബ്ദുള്‍ കരീമി(52)നെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവത്തിൽ മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫ മക്കാട്ട് (46)നെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതക ഗൂഡാലോചനയില്‍ പങ്കെടുത്തതായി തെളിഞ്ഞതായും അന്വേഷണസംഘം പറഞ്ഞു.
2006ലാണ് റിസോര്‍ട്ട് ഉടമ അബ്ദുള്‍ കരീം കൊല്ലപ്പെട്ടത്. റിസോര്‍ട്ട് പണയത്തിനു നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. താമരശേരി ചുരത്തിലൂടെ ജീപ്പില്‍ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തെ വാടകക്കൊലയാളികള്‍ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കരീമിനെയും അദ്ദേഹത്തിന്റെ വീടും വാഹനവുമുള്‍പ്പെടെ കൊലയാളികള്‍ക്കു കാണിച്ചുകൊടുത്തത് മുഹമ്മദ് ഹനീഫയായിരുന്നു. ഗൂഢാലോചനയിലും ഇയാള്‍ക്കു പങ്കുണ്ട്.
സംഭവത്തിനു ശേഷം വ്യാജപാസ്‌പോര്‍ട്ട് തരപ്പെടുത്തി ഹനീഫ വിദേശത്തേക്ക് കടക്കുകയായിരുന്നു. കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയും റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് പ്രതി പിടിയിലായത്.