തിരുവനന്തപുരം: കുലശേഖരത്ത് അമ്മയുടെ മുന്നിൽ വച്ച് സ്കൂൾ വാൻ ഇടിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.
സ്കൂൾ വാനിൽ നിന്നിറങ്ങി സഹോദരനോടൊപ്പം നടന്നുവരികയായിരുന്ന ഒന്നാം ക്ലാസുകാരൻ സൂര്യനാഥാ(6)ണ് അതേ വാൻ ഇടിച്ച് മരിച്ചത്. വീടിനു മുന്നിൽ കുട്ടികളെ കാത്തുനിന്ന അമ്മയുടെ കൺമുന്നിൽ ആയിരുന്നു മകന്റെ ദാരുണന്ത്യം.
കുലശേഖരം പൊന്മന സാമാധി നടമേലെ വീട്ടിൽ സതീഷ് കുമാറിന്റെയും നന്ദിനിയുടെയും മകനാണ് സൂര്യനാഥ്. തിങ്കളാഴ്ച വൈകുന്നേരമാണ് ദാരുണമായ അപകടം നടന്നത്.
സൂര്യനാഥ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നാലാം ക്ലാസുകാരനായ മൂത്ത സഹോദരൻ ശബരീഷ് ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡരികിൽ നിർത്തിയ സ്കൂൾ വാനിൽ നിന്നിറങ്ങിയ സൂര്യനാഥും മൂത്ത സഹോദരൻ ശബരീഷും വാനിനു മുന്നിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചു.
കുട്ടികൾ മുന്നിലൂടെ നടക്കുന്നത് കാണാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു. അച്ഛൻ സതീഷ് കുമാർ വിദേശത്താണ്.