കണ്ണൂർ: വീട്ടില്‍ സൂക്ഷിക്കുന്ന സ്വര്‍ണത്തില്‍ ഒരു പവന് ഒരു മാസം 1000 രൂപ വച്ച് തരുമെന്ന് വീട്ടമ്മമാരെ വിശ്വസിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത യുവതി അറസ്റ്റില്‍.
വീട്ടില്‍ സ്വര്‍ണം വയ്ക്കാതെ ഉയര്‍ന്ന വരുമാനമുണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കണ്ണൂര്‍ മുണ്ടേരിയിലെ വീട്ടമ്മയില്‍ നിന്ന് 34 പവന്റെ ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിലാണ് യുവതിയെ പോലിസ് അറസ്റ്റു ചെയ്തത്.
ചക്കരക്കല്‍ ചെറുവത്തല മൊട്ടയിലെ എന്‍.കെ കെ.ഹൗസില്‍ എം.കെ ഹൈറുന്നീസ(41)യണ് അറസ്റ്റിലായത്.മു ണ്ടേരിയിലെ റഹീമ(34)യുടെ പരാതിയിലാണ് പോലിസ് വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷം മുമ്പാണ് റഹീമയുടെ 34 പവന്‍ സ്വര്‍ണം വാങ്ങി മാസം പവന് ആയിരം രൂപ പലിശ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ആഭരണങ്ങള്‍ തട്ടിയെടുത്തത്. തുടക്കത്തില്‍ പണം നല്‍കിയെങ്കിലും പിന്നീട് ഇവര്‍ ഫോണ്‍ എടുക്കാതായി. നിരന്തരം ബന്ധപ്പെട്ടപ്പോള്‍ പണം എത്തിക്കാമെന്ന് പറയുമെങ്കിലും പിന്നെയും മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.
അന്വേഷണത്തില്‍ ആഭരണങ്ങള്‍ കണ്ണൂര്‍ ടൗണിലെ ജ്വല്ലറികളില്‍ വില്‍പന നടത്തിയതായി കണ്ടെത്തി. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്നും ആഭരണങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നും മൂന്നു പരാതികള്‍ കൂടി സ്റ്റേഷന്‍ പരിധിയില്‍ നിന്നും എത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ആഭരണങ്ങള്‍ കണ്ണൂര്‍ ടൗണിലെ വിവിധ ജ്വല്ലറികള്‍ക്ക് പ്രതി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.