തിരുവനന്തപുരം: ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറ്റില്‍ വീണ് മരിച്ചു. നേമം പൊന്നുമംഗലം സ്‌കൂളിന് സമീപം ശങ്കര്‍ നഗറില്‍ പ്രേംകുമാര്‍- ലത ദമ്പതികളുടെ മകന്‍ ഇന്ദ്രജിത്ത് (ജിത്തു- 24) ആണ് മരിച്ചത്.
യുവാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ കരുമം മേലാങ്കോട് സ്വദേശി അഖിലിനെ പരിക്കുകളോടെ ശാന്തിവിള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗാനമേളയില്‍ ആവേശം കയറിത്തുടങ്ങിയപ്പോള്‍ യുവാക്കള്‍ നൃത്തം തുടങ്ങി. ഇന്ദ്രജിത്തുള്‍പ്പെടെ പലരും കിണറിനു മുകളിലിട്ടിരുന്ന പലകയ്ക്കു പുറത്തു കയറിനിന്നു നൃത്തം ചെയ്യുകയായിരുന്നു.
ഇതിനിടെ പലക തകരുന്നതറിഞ്ഞ് ചിലർ ചാടി മാറിയെങ്കിലും ഇന്ദ്രജിത്തിന് അതിനു കഴിഞ്ഞില്ല. പലക തകര്‍ന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഗാനമേള നിര്‍ത്തിവച്ച് ജനങ്ങള്‍ കൂടിയെങ്കിലും ആരും കണറ്റിലിറങ്ങാൻ തയാറായില്ല. അഖില്‍ ഇന്ദ്രജിത്തിനെ രക്ഷിക്കാനിറങ്ങുകയായിരുന്നു. ആഴമുള്ള കിണറായതിനാല്‍ അഖിലിന് ശ്വാസതടസമുണ്ടാകുകയും കിണറ്റിനുള്ളില്‍ കുടങ്ങുകയും ചെയ്തു. രണ്ടുപേരും കിണറ്റില്‍ വീണതറിഞ്ഞ് നാട്ടുകാര്‍ ചെങ്കല്‍ച്ചൂള അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
ഇവരെത്തി രക്ഷാപ്രവർത്തനം നടത്തി അഖിലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു.