ചാരുംമൂട്: ലഹരി വില്‍പനക്കാരനും സഹായിയും രണ്ടു കിലോ കഞ്ചാവുമായി അറസ്റ്റില്‍. നൂറനാട് പുതുപ്പള്ളിക്കുന്നം ഖാന്‍ മന്‍സിലില്‍ ഷൈജുഖാന്‍(40), സഹായി കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറിയില്‍ ഗോപകുമാര്‍(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലഹരി പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കെ.ഐ.പി പുറമ്പോക്കിലെ തട്ടുകടയുടെ മറവിലാണ് ഷൈജുഖാന്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.
കഞ്ചാവ് കേസിൽ എക്‌സൈസിന്റെ പിടിയിലായ യുവാക്കളില്‍ നിന്നാണ് ഷൈജുഖാനാണ് കഞ്ചാവ് വില്‍പന നടത്തുന്നതെന്ന് അറിയുന്നത്. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി. നാലു മാസം മുമ്പ് നൂറനാട് പോലീസും എക്‌സൈസും ജെ.സി.ബി ഉപയോഗിച്ച് തട്ടുകട പൊളിച്ചു നീക്കിയിരുന്നു.
കഞ്ചാവ് ആവശ്യക്കാര്‍ക്ക് ദോശയും സാമ്പാറും ചമ്മന്തിയും ഉള്‍പ്പെടുന്ന പാഴ്‌സലിന് 500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. കഞ്ചാവ് പൊതികള്‍ നല്‍കുന്നതിനായി ഇതര സംസ്ഥാന തൊഴിലാളികളെയാണ് കടയില്‍ നിര്‍ത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
തട്ടുകട പൊളിച്ചതോടെ ഉത്സവ സ്ഥലങ്ങളില്‍ ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന ഗോപകുമാറുമായി പരിചയപ്പെട്ടു. ഐസ്‌ക്രീം വില്‍പനയുടെ മറവില്‍ ഇവര്‍ കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നു.
ഷൈജുഖാന്‍ ഗുണ്ടാ ആക്രമണങ്ങളിലും ഏര്‍പ്പെട്ടിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടുകയും മര്‍ദിക്കുകയും ചെയ്ത കേസുകളിലും പ്രതിയാണെന്ന് സി.ഐ: പി.ശ്രീജിത്ത് പറഞ്ഞു.
കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ എക്‌സൈസും പോലീസും റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ ഡി.വൈ.എസ്.പി ഓഫീസില്‍ ആഴ്ച തോറുമെത്തി ഒപ്പിട്ട് വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്.
പിടിയിലായ ശേഷം ഇയാളുടെ മൊബൈലിലേക്ക് കഞ്ചാവ് ആവശ്യക്കാരായവരുടെ 270 ഓളം കോളുകളാണ് വന്നതെന്നും പോലീസ് പറഞ്ഞു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.