കോഴിക്കോട്: കോടതി വിധിച്ച തുക ഭാര്യക്ക് നൽകാത്തതിനെത്തുടർന്ന് വടകര കുടുംബ കോടതി ജഡ്ജി പൊലീസിനെ ഏൽപ്പിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. വടകര കുടുംബ കോടതിയിലാണ് സംഭവം.
കൊയിലാണ്ടി നടേരി തിരുമംഗലത്ത് മുഹമ്മദ് ജാസിം ആണ് രക്ഷപ്പെട്ടത്. ഭാര്യയ്ക്ക് 29.64 ലക്ഷം രൂപ നൽകാനായിരുന്നു കോടതി വിധി. ഇത് നടപ്പാക്കിക്കിട്ടാൻ ഭാര്യ ഹർജിയും നൽകി.
ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ മുഹമ്മദ് ജാസിം തുക അടയ്ക്കാതെ വന്നതോടെ ജഡ്ജി ഇയാളെ തുടർനടപടികൾക്കായി കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസറെ ഏൽപ്പിച്ചു.
വനിതാ പൊലീസ് വിവരം വനിതാ സെൽ വഴി കൊയിലാണ്ടി സ്റ്റേഷനിൽ അറിയിച്ചു. കുറച്ചുകഴിഞ്ഞ് ജാസിം ഫോൺ ചെയ്തുകൊണ്ട് പുറത്തേക്കു പോയി.
വനിത പൊലീസ് പിന്നാലെ പോയെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുക്കാൻ കോടതി വടകര പൊലീസിന് നിർദേശം നൽകി.