തിരുവനന്തപുരം: 11 കാരനെ മൃഗീയമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി ചിറയിൻകീഴ് അക്കോട്ട് വിള ചരുവിള പുത്തൻ വീട്ടിൽ മധു (48) വിനെ 40 വർഷം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടുതൽ തടവ് അനുഭവിക്കണം. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ ആണ് ശിക്ഷ വിധിച്ചത്.
2020 ൽ കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അണ്ടൂർ സ്കൂളിനടുത്തുള്ള ഒരു റബ്ബർ തോട്ടത്തിൽ കുട്ടിക്ക് ഭക്ഷണവും മിഠായിയും വാങ്ങി നൽകി പ്രലോഭിപ്പിച്ച് കൊണ്ടുപോയി രണ്ടു തവണ പ്രതി പീഡിപ്പിച്ചത്. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിൽ മദ്യവും മയക്കുമരുന്നും ഭക്ഷണവും നൽകി പലരും പീഡിപ്പിച്ചതായി വ്യക്തമാക്കി.
പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്.
കുട്ടിയെ പല മുതിർന്നവരും വന്നു വിളിച്ചുകൊണ്ടു പോകുന്നതും വീട്ടുകാർക്ക് സംശയമുണ്ടാക്കി. തുടർന്ന് കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്ത് പറഞ്ഞത്. തുടർന്ന് ചിറയിൻകീഴ് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി.
ഇതിൻ്റെ അടിസ്ഥാനത്തിൽ അഞ്ചു കേസുകൾ കൂടി പോലീസ് എടുത്ത് പ്രതികളെ അറസ്റ്റു ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 16 സാക്ഷികളേയും 19 രേഖകളും ഹാജരാക്കി. പിഴത്തുക കുട്ടിക്ക് നൽകണം. ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ ജി.ബി. മുകേഷാണ് കേസ് അന്വേഷിച്ചത്.