ദുബൈ: യുഎഇയില്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് 4,19,000 ദിര്‍ഹം (94 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അപഹരിച്ച സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ചു.
ഒരു ഫുഡ് ട്രേഡിങ് കമ്പനിയില്‍ പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന സെയില്‍സ് എക്‌സിക്യൂട്ടീവാണ് പണം അപഹരിച്ചതിന് പിടിയിലായത്. കഴിഞ്ഞ വര്‍ഷമാണ് തട്ടിപ്പ് പുറത്തുവന്നത്.
സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു ഉപഭോക്താവില്‍ നിന്ന് സെയില്‍ റെപ്രസന്റേറ്റീവ് കൈപ്പറ്റിയ പണം കമ്പനിയില്‍ എത്തിക്കാതെ തട്ടിയെടുത്തെന്നാണ് കേസ്. വാര്‍ഷിക കണക്കുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 4,19,000 ദിര്‍ഹത്തിന്റെ കുറവ് കമ്പനിയിലെ അക്കൗണ്ടന്റ് കണ്ടെത്തുകയായിരുന്നു. വിശദമായി പരിശോധിച്ചപ്പോള്‍ 2006 മുതല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് പണം അപഹരിച്ചതെന്ന് മനസിലായി.
എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിക്കുകയും കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ പണം തട്ടിയെടുത്തെന്ന്് കണ്ടെത്തി. ഒരു ഉപഭോക്താവിന് ഭക്ഷ്യ എണ്ണ വിതരണം ചെയ്ത പണം അയാളില്‍ നിന്ന് വാങ്ങിയെങ്കിലും തുക കമ്പനിയില്‍ എത്തിയിട്ടില്ലെന്ന് കണ്ടെത്തി. എന്നാല്‍, ഈ പണം ഇയാള്‍ ഉപഭോക്താവില്‍ നിന്ന് സ്വീകരിച്ചതിന് ഒപ്പിട്ട് നല്‍കിയ റസിപ്റ്റ് അടക്കമുള്ള തെളിവുകളും കിട്ടി. തുടര്‍ന്ന് ആറ് മാസം ജയില്‍ ശിക്ഷയും നാടുകടത്താനും കോടതി വിധിക്കുകയായിരുന്നു.