കോട്ടയം: ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ (92) അന്തരിച്ചു. സിബിസിഐയുടെയും കെസിബിസിയുടെയും മുൻ പ്രസിഡന്‍റയിരുന്നു. 1930 ഓഗസ്റ്റ് 14നായിരുന്നു ജനനം. പൗവത്തില്‍ അപ്പച്ചന്‍-മറിയക്കുട്ടി ദമ്പതികളാണ് മാതാപിതാക്കള്‍.
സിറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പാണ്. ഉച്ചയ്ക്ക് ഒന്നേകാലോടെ ചങ്ങനാശേരിയിലായിരുന്നു അന്ത്യം. ആർച്ച് ബിഷപ് ഇമെരിറ്റസായ മാർ ജോസഫ് പൗവത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. നിലപാടുകളിലൂടെ ശ്രദ്ധേയനായ ബിഷപ്പായിരുന്നു.
1930 ഓഗസ്റ്റ് 14നു കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962 ഒക്ടോബർ 3 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1985 നവംബർ 5 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി.
1972ലായിരുന്നു ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി പ്രഖ്യാപിക്കപ്പെടുന്നത്. 1972 ഫെബ്രുവരി 13നു വത്തിക്കാനിലായിരുന്നു സ്ഥാനാഭിഷേകം. 1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി.
1985 നവംബർ അഞ്ച് മുതൽ 2007വരെയാണ് ചങ്ങനാശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി സേവനം ചെയ്തത്.
മാര്‍ ആന്‍റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായതിന് പിന്നാലെയായിരുന്നു ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി മാർ ജോസഫ് പൗവത്തിൽ നിയമിതനായത്. 1986 ജനുവരി 17നായിരുന്നു സ്ഥാനാരോഹണം. 22 വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു.