മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ മുപ്പത്താറുകാരിയായ യുവതിയെ കബളിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത് 12 ലക്ഷത്തിലധികം രൂപ. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരിചയം മറയാക്കിയായിരുന്നു തട്ടിപ്പ്.
മലേഷ്യ സ്വദേശിയാണെന്നും യു.കെയിലാണെന്നും ജോലിയെന്നും തട്ടിപ്പുകാരില്‍ ഒരാള്‍ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. ബന്ധം തുടര്‍ന്ന ഇയാള്‍ ഒരു സമ്മാനം അയച്ചിട്ടുണ്ടെന്ന് യുവതിയെ അറിയിച്ചു. ദിവസങ്ങള്‍ കഴിഞ്ഞ് ഡല്‍ഹിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് ഒരു കോള്‍ യുവതിക്ക് വന്നു.
സമ്മാനപ്പൊതി കസ്റ്റംസില്‍നിന്ന് വിട്ടുകിട്ടാന്‍ തുക അടയ്ക്കണമെന്നും വിദേശ കറന്‍സിയും ഇതിനൊപ്പമുണ്ടെന്നും ഇവര്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. വിദേശ കറന്‍സിയും സമ്മാനവും ലഭിക്കാന്‍ പല തവണയായി യുവതി ബാങ്കു വഴി 12.47 ലക്ഷം കൈമാറി.
എന്നാല്‍, സമ്മാനമോ, വിദേശ കറന്‍സിയോ ലഭിക്കുകയുണ്ടായില്ല. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.