പത്തനംതിട്ട: പൂങ്കാവില്‍ പെട്രോൾ പമ്പിൽ നാലംഗ സംഘം നടത്തിയ ആക്രമണത്തില്‍ മാനേജര്‍ക്ക് ഗുരുതര പരുക്ക്. മൂന്നു ജീവനക്കാര്‍ക്കും മര്‍ദനമേറ്റു.
നാലു പ്രതികളാണുള്ളത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. പ്രമാടം ഗ്രാമപഞ്ചായത്തംഗത്തിന്റെ മകന്‍ കെ.എസ്.ആരോമല്‍, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത.
കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ കൂടി പ്രതികളാണ്. ഞായറാഴ്ച െവെകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പൂങ്കാവ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ പ്രതീഷ് പെട്രോള്‍ അടിക്കാന്‍ എത്തിയിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
ഇയാള്‍ യു.പി.ഐ മുഖേനെ പണം അടച്ച് പെട്രോള്‍ അടിക്കാന്‍ ചെന്നപ്പോള്‍ സമയം െവെകി എന്ന് പറഞ്ഞായിരുന്നു അക്രമം. ഈ സമയം പമ്പില്‍ കറണ്ടില്ലായിരുന്നു.ജീവനക്കാര്‍ ജനറേറ്റര്‍ ഓണ്‍ ചെയ്ത ശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യണം എന്ന് പറഞ്ഞതോടെയാണ് ഉണ്ണി എന്ന ജീവനക്കാരനെ പ്രതീഷ് അടിച്ച് താഴെയിട്ടത്.
ഇയാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു. ഇതു കണ്ട് ഓടി വന്ന പമ്പ് മാനേജര്‍ സാം മാത്യുവിന്റെ തല അടിച്ചു പൊട്ടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സാമിന് ഗുരുതര പരുക്കുണ്ട്. ഇതിനിടെ പ്രതീഷും ആരോമലും ചേര്‍ന്ന് കൂടുതല്‍ ആള്‍ക്കാരെ വിളിച്ചു വരുത്തി.
പെട്രോള്‍ പമ്പ് ഉടമ പോലീസില്‍ വിവരമറിയിച്ചതോടെ ആക്രമി സംഘത്തില്‍പ്പെട്ട പ്രതീഷ് അടക്കം മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ആരോമലിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് പൂങ്കാവില്‍ തട്ടുകട അടിച്ചു തകര്‍ക്കുകയും നടത്തിപ്പുകാരിയെയും മകനെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും ചെയ്തത് ഇതേ സംഘമായിരുന്നു.
അന്ന് പോലീസ് അക്രമികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.