പത്തനംതിട്ട: പൂങ്കാവില്‍ പെട്രോള്‍ പമ്പിൽ അക്രമം നടത്തിയ നാലംഗ സംഘത്തിലെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രമാടം ഈട്ടിവിള ഭാസ്‌കര ഭവന്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഗിരിന്‍ (23), പ്രമാടം തറയിശ്ശേരി വീട്ടില്‍ പ്രസാദിന്റെ മകന്‍ അനൂപ് (20), പ്രമാടം കിഴത്തേത് വീട്ടില്‍ ശിവപ്രകാശിന്റെ മകന്‍ ആരോമല്‍ (21) എന്നിവരാണ് അറസ്റ്റിലായത്.
നിർധന കുടുംബത്തിന്റെ തട്ടുകട അടിച്ചു തകർത്ത് തീയിട്ട് അറസ്റ്റിലായി സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികളാണിവർ.
ഇതിൽ ആരോമല്‍ പ്രമാടം പഞ്ചായത്ത് 19ാം വാര്‍ഡിലെ സിപിഎം അംഗം ലിജ ശിവപ്രകാശിന്റെ മകനാണ്. ജനുവരി 13 ന് പൂങ്കാവിലെ തട്ടുകട അടിച്ചു തകര്‍ത്തതും ആരോമലിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് അക്രമി സംഘത്തെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ചിന് പൂങ്കാവ് ജങ്ഷനില്‍ പെട്രോള്‍ പമ്പിൽ ആരോമലും സംഘവും കാറിന് പെട്രോള്‍ അടിക്കാനെത്തി. ഇയാള്‍ യുപിഐ വഴി തുക ട്രാൻസ്ഫർ ചെയ്ത് പെട്രോള്‍ അടിക്കാന്‍ ചെന്നപ്പോള്‍ സമയം വൈകിയെന്ന് പറഞ്ഞായിരുന്നു അക്രമം.
ജീവനക്കാരനായ ഉണ്ണികൃഷ്ണനെ അടിച്ച് താഴെയിട്ടു. ഇയാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു. ഇതു കണ്ട് ഓടി വന്ന പമ്പ് മാനേജര്‍ സാം മാത്യുവിന്റെ തല അടിച്ചു പൊട്ടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സാമിന് ഗുരുതര പരുക്കുണ്ട്.
സാമിന്റെ സഹോദരനും ഉടമയുമായ വര്‍ഗീസിനെയും ഇവര്‍ ക്രൂരമായി മര്‍ദിച്ചു. വര്‍ഗീസ് പോലീസില്‍ വിവരമറിയിച്ചതോടെ അക്രമി സംഘത്തിലെ ആരോമല്‍ ഒഴികെ എല്ലാവരും രക്ഷപ്പെടുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ആരോമല്‍. ഇന്‍സ്റ്റാഗ്രാമിൽ ഇയാൾക്ക് ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഇവര്‍ കടയില്‍ വന്ന് ഭക്ഷണം കഴിച്ചും പാഴ്‌സല്‍ വാങ്ങിയും പോകും. പണം ഗൂഗിള്‍ പേ ചെയ്യാമെന്ന് പറയും. എന്നാല്‍, പണം കൊടുക്കാറില്ല.
തുടര്‍ന്നാണ് മറ്റ് രണ്ടു പേരെ പോലീസ് പിടികൂടിയത്. പ്രതികളിലൊരാളായ പ്രതീഷ് ഒളിവിലാണ്. തട്ടുകടയിലെ അക്രമം സി.പി.എം. ജില്ലാ നേതൃത്വം ഇടപെട്ടാണ് ഒതുക്കിയതെന്നാണ് ആരോപണം.
കഴിഞ്ഞ ജനുവരി 13നാണ് ഇവര്‍ പൂങ്കാവിലെ തട്ടുകടയില്‍ അതിക്രമം നടത്തിയത്. നിരവധി തവണ ഭക്ഷണം കഴിച്ചിട്ടും പണം കൊടുക്കാതെ വന്നപ്പോൾ ഗതികെട്ട് ഉടമ ഭക്ഷണത്തിന്റെ പണം ചോദിച്ചപ്പോഴാണ് ആക്രമിച്ചത്.
പരുക്കേറ്റ തട്ടുകട നടത്തിപ്പുകാർ ആശുപത്രിയില്‍ കഴിയവേ തട്ടുകട അടിച്ചു തകര്‍ത്ത് തീ വയ്ക്കുകയും ചെയ്തു.
പൂങ്കാവില്‍ തട്ടുകട നടത്തുന്ന നാരങ്ങാനം സ്വദേശി സിബി ജോര്‍ജ്, ഭാര്യ ലിന്‍സി, മകന്‍ ലിനോ തോമസ് എന്നിവരെയാണ് അന്ന് എട്ടംഗ സംഘം മര്‍ദിച്ചത്. പാചക ഉപകരണങ്ങള്‍, ബോര്‍ഡ്, എന്നിവ കത്തി നശിച്ചു. കട അടിച്ചു തകര്‍ക്കുകയും ചെയ്തു.