ചെന്നൈ: തമിഴ്‌നാട്ടില്‍ യുവാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. 28കാരനായ ജഗനെന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ജഗന്‍ വിവാഹം ചെയ്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് കൊലപ്പെടുത്തിയത്. കൊലപാതക ശേഷം പ്രതികൾ രക്ഷപ്പെട്ടു.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച ഉച്ചയോടെ ജഗനെ ഭാര്യ വീട്ടുകാര്‍ വിളിച്ചു വരുത്തിയത്. കാവേരിപട്ടണത്ത് നിന്നും കൃഷ്ണഗിരിയിലേക്ക് പോകുന്ന റോഡില്‍ വച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
ഒരുമാസം മുമ്പാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ശരണ്യയെന്ന യുവതിയെ ജഗന്‍ വിവാഹം ചെയ്തത്. ശരണ്യയുടെ ബന്ധുക്കളില്‍ നിന്ന് ജഗന് ഭീഷണിയുണ്ടായിരുന്നെന്ന് ജഗന്റെ ബന്ധുക്കള്‍ ആരോപിച്ചു.
കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാരായവരെ എത്രയും വേഗം പിടികൂടുമെന്ന് പോലീസ് അറിയിച്ചു.