കാസർഗോഡ്: ബന്തടുക്ക മലാംകുണ്ട് സ്വദേശിനിയും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ സുരണ്യ (17)യുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.
കെട്ടിത്തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. കിടപ്പുമുറിയിലെ അയലിൽ കയർ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയുടെ കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ പ്രദേശത്തെ ഒരു കണ്ടക്ടറുടെ പേര് പരാമർശിക്കുന്നതായി പോലീസ് സൂചിപ്പിച്ചു.
ഇതേത്തുടർന്ന് കണ്ടക്ടർ പോലീസ് കസ്റ്റഡിയിലാണ്. ഇനി ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് നാലരയ്ക്കാണ് ദുരൂഹ സാഹചര്യത്തില്‍ സുരണ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആയുർവേദ ഓൺലൈൻ മാർക്കറ്റിംഗ് നടത്തുന്ന മാതാവ് സുജാത വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്.
തിങ്കളാഴ്ച പരീക്ഷ ഇല്ലാത്തതിനാൽ പെൺകുട്ടി വീട്ടിൽ തന്നെയായിരുന്നു. ബെഡില്‍ മുട്ടുകുത്തിയ നിലയിലായിരുന്നു മൃതദേഹം.
മരണത്തില്‍ അടിമുടി ദുരൂഹത ഉയര്‍ന്നതിനാല്‍ പോലീസ് രാത്രി തന്നെ കിടപ്പുമുറി സീൽ ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.