ന്യൂഡൽഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടിവരുമെന്ന് റിപ്പോർട്ട്.
നോട്ടീസ് ലഭിക്കുന്നത് അനുസരിച്ച് ഒരു മാസത്തിനകം രാഹുൽ വസതി ഒഴിയേണ്ടിവരും. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായില്ലെങ്കിൽ ഒരു മാസത്തിനകം ഡല്‍ഹി തുഗ്ലക്ക് ലെയിനിലെ ബംഗ്ലാവ് രാഹുലിന് ഒഴിയേണ്ടി വരും.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് ലെയ്‌സൺ ഓഫീസർ, എസ്റ്റേറ്റ് ഡയറക്ടറേറ്റ്, പാർലമെന്റ് അനെക്‌സ് എന്നിവയിലും രേഖപ്പെടുത്തി.
ലോക്സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 2004ലാണ് രാഹുലിന് ബംഗ്ലാവ് അനുവദിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ വിജയിച്ചതോടെ രാഹുൽ വസതി നിലനിർത്തിയിരുന്നു.
ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനാൽ രാഹുലിന് സർക്കാർ വസതിക്ക് അർഹതയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചട്ടങ്ങൾ അനുസരിച്ച്, അയോഗ്യനാക്കാനുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ രാഹുൽ ഗാന്ധി ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടി വരും.
തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രണ്ടു വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്.
ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് തൻ്റെ പോരാട്ടമെന്നും എന്ത് വില കൊടുക്കാനും തയ്യാറാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.