
കൊച്ചി: തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ.
ഹിൽ പാലസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ ജിമ്മി ജോസിനെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ അകാരണമായി മർദിച്ചിരുന്നെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇരുമ്പനം കർഷക കോളനി സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ മനോഹര(52)നാണ് ഹിൽ പാലസ് പോലീസിൻ്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണു മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടരയ്ക്കാണ് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചതിനാണ് പാലസ് കസ്റ്റഡിയിലെടുത്തിരുന്നത്.
പേടിച്ചിട്ടാ സാറേ നിർത്താതെ പോയതെന്നു മനോഹരൻ പറഞ്ഞെന്നും ഹെൽമറ്റ് ഊരിയതും പോലീസ് മനോഹരൻ്റെ മുഖത്തടിച്ചെന്നും ദൃക്സാക്ഷി കർഷക കോളനി സ്വദേശിയായ രമ പറഞ്ഞിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെയും ചുമതലപ്പെടുത്തി. നാട്ടുകാർ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ കവാടത്തിനു മുന്നിൽ നിരാഹര സമരവും തുടങ്ങി.
സമരത്തിൽനിന്നു പിന്തിരിപ്പിക്കാനായി തൃക്കാക്കര എസിപി നേതാക്കളെ ചർച്ചയ്ക്കു വിളിപ്പിച്ചു. സംഭവസമയത്ത് നാലു പോലീസുകാരാണ് ഉണ്ടായിരുന്നത്. ഒരാളെ മാത്രം സസ്പെൻഡ് ചെയ്തതുകൊണ്ടു കാര്യമില്ല. മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കണമെന്നു യൂത്ത് കോൺഗ്രസ് നേതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.