കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) അന്തരിച്ചു. കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില ഗുരുതരമാണെന്നു ആശുപത്രി അധികൃതർ ശനിയാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു.
1948 ഫെബ്രുവരി 28 ന് ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായാണ് ഇന്നസെൻ്റിൻ്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്എൻഎച്ച് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മോഹൻ മുഖേനയാണ് ചലച്ചിത്ര മേഖലയിലേക്കുള്ള രംഗപ്രവേശം.
1972 ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. തുടർന്നു അഞ്ചൂറിലധികം ചിതങ്ങളുടെ ഭാഗമായി. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനിക്കും രൂപം നൽകിയിരുന്നു.
2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം വിജയം കണ്ടു. എന്നാൽ 2019 ൽ വീണ്ടും മത്സരത്തിനിറങ്ങിയെങ്കിലും കോൺഗ്രസിൻ്റെ ബെന്നി ബെഹ്നാനോട് പരാജയപ്പെട്ടു. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻ്റ് പദവിയും വഹിച്ചിട്ടുണ്ട്.