
റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അബഹക്കിനു സമീപം ചുരത്തില്‍ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. പരിക്കേറ്റവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്. മുഹമ്മദ് ബിലാല്‍, റാസാ ഖാന്‍ എന്നീ ഇന്ത്യന്‍ പൗരന്മാരാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളത്.
രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എന്നാല്‍, ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല. 26 പേരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്. യാത്രക്കാരായി ആകെയുണ്ടായിരുന്നത് 47 പേരായിരുന്നു. രണ്ട് ഇന്ത്യാക്കാരും അഞ്ച് യമനികളും രണ്ട് സുഡാന്‍ പൗരന്മാരും ഓരോ ഈജിപ്ഷ്യന്‍, പാകിസ്താന്‍ പൗരന്മാരും ഒഴികെ ബാക്കിയെല്ലാവരും ബംഗ്ലാദേശുകാരാണ്.
ജിദ്ദ റൂട്ടില്‍ അബഹക്കും മഹായിലിനും ഇടയല്‍ ഷഹാര്‍ അല്‍റാബത് എന്ന ചുരത്തിലാണ് തിങ്കളാഴ്ച വൈകിട്ട് ബസ് അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡിന്റെ കൈവരി തകര്‍ത്ത് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ച് കത്തിയമരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.