കൊല നടത്തുമ്പോൾ പ്രായപൂർത്തിയായില്ലെന്ന്; ഗർഭിണി ഉൾപ്പെടെ ഏഴു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വിട്ടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

ദില്ലി: കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്നതിനാൽ ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷാ പട്ടികയിലുള്ള പ്രതിയെ വിട്ടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ചാണ് തീരുമാനം.

കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. പ്രായപൂര്‍ത്തിയായ  ശേഷമായിരുന്നു കേസിലെ വിചാരണ നടന്നത്. ഇതിലായിരുന്നു പ്രതിക്ക് വധശിക്ഷ വിധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചിന്‍റേതാണ് തീരുമാനം. നാരായണ്‍ ചേതന്‍ റാം ചൌധരി എന്നയാളെയാണ് 28 വര്‍ഷത്തെ തടവിന് ശേഷം വിട്ടയയ്ക്കുന്നത്.

1994ലായിരുന്നു നാരായണ്‍ ചേതന്‍ റാം ചൌധരി അടക്കമുള്ളവര്‍ ചേര്‍ന്ന് 5 സ്ത്രീകളേയും രണ്ട് കുട്ടികളേയും മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയത്. പൂനെയിലായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിലൊരാള്‍ ഗര്‍ഭിണിയും ആയിരുന്നു. രാജസ്ഥാനില്‍ നിന്ന് 1994ല്‍ സെപ്തംബര്‍ 5നാണ് ഇയാളെ പിടികൂടുന്നത്.

കൊലപാതകം നടന്നപ്പോൾ ഇയാളുടെ പ്രായം 12 ആണെന്ന് തെളിയിക്കുന്ന രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളിലെ സര്‍ട്ടിഫിക്കറ്റാണ് നാരായണ്‍ ചേതന്‍ റാം ചൌധരിക്ക് രക്ഷയായത്.

1998ലാണ് കോടതി ഇയാളെ തെറ്റുകാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2000 സെപ്തംബറില്‍ ഇയാള്‍ക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം ശരിയാണെന്ന് സുപ്രീം കോടതിയും ശരിവച്ചിരുന്നു.

കുട്ടിയെന്ന നിലയില്‍ പരമാവധി നല്‍കാനുള്ള തടവ് മൂന്ന് വര്‍ഷമാണ്. ഇതിനോടകം ഇത് നാരായണ്‍ ചേതന്‍ റാം ചൌധരി അനുഭവിച്ചതായി കോടതി വിശദമാക്കി. അതിനാല്‍ നാരായണ്‍ ചേതന്‍ റാം ചൌധരിയെ ഉടന്‍ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

Top