ഫിലിപ്പീന്‍സില്‍ സിഖ് ദമ്പതികള്‍ വെടിയേറ്റു മരിച്ചു

മനില: ഫിലിപ്പീന്‍സില്‍ ഇന്ത്യക്കാരായ സിഖ് ദമ്പതികള്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രിയാണ് പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ ദമ്പതികളെ അജ്ഞാതര്‍ വെടിവെച്ചു കൊന്നത്.

സുഖ്‌വിന്ദര്‍ സിങ് (41), കിരണ്‍ദീപ് കൗര്‍ (33) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. കഴിഞ്ഞ 19 വര്‍ഷമായി മനിലയില്‍ െഫെനാന്‍സ് ഇടപാടുകള്‍ നടത്തിവരികയാണ് സുഖ്‌വിന്ദര്‍. മൂന്നുവര്‍ഷം മുമ്പാണ് സുഖ്‌വിന്ദര്‍ സിങ് വിവാഹിതനാവുന്നത്. തുടര്‍ന്ന് കിരണ്‍ദീപിനെ മനിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുഖ്‌വിന്ദറുടെ സഹോദരന്‍ ലഖ്‌വീര്‍ കുടുംബത്തിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യയിലായിരുന്നു. ശനിയാഴ്ച മുതല്‍ സഹോദരനെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ലെന്ന് ലഖ്‌വീര്‍ പറഞ്ഞു. തുടര്‍ന്ന് മനിലയിലുള്ള ബന്ധുവിനോട് വീട്ടില്‍ പോയി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.

സംഭവത്തില്‍ വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അജ്ഞാതന്‍ വീട്ടിലേക്ക് കയറി വരികയും കിരണ്‍ദീപിനെ തോക്കിന്റെ മുനയില്‍ നിര്‍ത്തി സുഖ്‌വിന്ദറെ വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സുഖ്‌വിന്ദര്‍ക്ക് ഒന്നിലധികം തവണ വെടിയേറ്റിരുന്നു. തങ്ങള്‍ക്ക് ആരുമായും ശത്രുതയില്ലെന്നും സമഗ്രമായ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫിലിപ്പീന്‍സ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും ലഖ്‌വീര്‍ സിങ് ആവശ്യപ്പെട്ടു.

Top