മനില/ന്യൂഡല്‍ഹി: ഇന്റര്‍പോളിന്റെ നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നു ഖലിസ്ഥാന്‍ തീവ്രവാദികള്‍ ഫിലിപ്പീന്‍സില്‍ അറസ്റ്റിലായി. മന്‍പ്രീത് സിങ്(23), അമൃതപാല്‍ സിങ്(24), അര്‍ഷ്ദീപ് സിങ് (26) എന്നിവര്‍ ഈ മാസം ഏഴിനാണു പിടിയിലായത്.
മധ്യ ഫിലിപ്പീന്‍ നഗരമായ ഇലോയിലോയില്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്തസേന ഇരച്ചുകയറുകയായിരുന്നു. ഫിലിപ്പീന്‍സ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, െസെബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് കോര്‍ഡിനേറ്റിങ് സെന്റര്‍, മിലിട്ടറി ഇന്റലിജന്‍സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍.
നിരോധിത സംഘടനയായ ഖലിസ്ഥാന്‍ െടെഗര്‍ ഫോഴ്‌സില്‍ (കെ.ടി.എഫ്) ഉള്‍പ്പെട്ടവരാണു പിടിയിലായ മൂവരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇവര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഫിലിപ്പീന്‍സിലേക്കു കടന്നത്.
സൈബർ ക്രൈം വിഭാഗത്തിന്റെ വിദഗ്ധ നിരീക്ഷണമാണ് ഇവരെ കുടുക്കിയത്. കൊലപാതകം, സ്‌ഫോടകവസ്തു നിയമത്തിന്റെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഒളിവില്‍ കഴിയുന്ന വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിങ്ങിനെതിരേ പഞ്ചാബ് പോലീസ് കടുത്ത നടപടികള്‍ ആരംഭിച്ചിരിക്കുന്നതിനിടയിലാണ് ഫിലിപ്പീന്‍സില്‍ കെ.ടി.എഫ്. അംഗങ്ങളുടെ അറസ്റ്റ്.
യു.എ.പി.എ. നിയമപ്രകാരം ഇന്ത്യ നിരോധിച്ച ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ എന്ന ഭീകര സംഘടനയുടെ ശാഖയായി 2011 ലാണ് കെ.ടി.എഫ്. നിലവില്‍ വന്നത്. മറ്റൊരു നിരോധിതസംഘടനയായ ജമ്മു കശ്മീര്‍ ഗസ്‌നവി ഫോഴ്‌സുമായി (ജെ.കെ.ജി.എഫ്) ബന്ധമുള്ളവര്‍ക്കെതിരേയും ഫിലിപ്പീന്‍സ് അന്വേഷണം നടത്തുന്നുണ്ട്.
നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍, മയക്കുമരുന്ന്, ആയുധക്കടത്ത്, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ജെ.കെ.ജി.എഫ്. ഉള്‍പ്പെട്ടിട്ടുണ്ട്.