തിരുവനന്തപുരം: മോഷ്ടിച്ച കാര്‍ ആവശ്യം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് ഒരു കേടും കൂടാതെ തിരികെ വീടിനു സമീപം കൊണ്ടിട്ട ശേഷം മോഷ്ടാവ് മുങ്ങി. തിരുവനന്തപുരം പാലോടാണ് സംഭവം. മോഷണത്തിന്റെ രണ്ടാം ദിവസം കാര്‍ മോഷ്ടാവ് തന്നെ തിരിച്ചെത്തിച്ചത്.
നന്ദിയോട് ചെല്ലഞ്ചിയില്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ ചെല്ലഞ്ചി പ്രസാദിന്റെ വീട്ടു മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറാണ് ശനിയാഴ്ച രാത്രിയില്‍ മോഷ്ടിച്ചത്. പ്രസാദ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ വീടിന്റെ മുന്നിലെ റോഡിനോട് ചേര്‍ന്ന് കാര്‍ കിടക്കുന്നത് കാണുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് ഒന്നും മോഷ്ടിച്ചിട്ടുമില്ല. 50 കിലോമീറ്റര്‍ പോലും ഓടിച്ചിട്ടുമില്ല.
കാറിനുള്ളില്‍ ഒട്ടുപാലിന്റെ അംശം കണ്ടെത്തിയിരുന്നു. മോഷ്ടിച്ച റബര്‍ഷീറ്റ് കൊണ്ടു പോകാന്‍ കാര്‍ ഉപയോഗിച്ചതാകാമെന്നാണ് വിലയിരുത്തല്‍.
സമീപത്തെ ചില വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ചെല്ലഞ്ചിയില്‍ നിന്ന് ത്രിവേണി, പാണയം വഴിയാണ് വാഹനം കൊണ്ടുപോയത്. എന്നാല്‍ തിരികെ കൊണ്ടിട്ടത് എതിര്‍ ദിശയിലാണ്. സപ്തപുരം വഴി വന്നു എന്നാണ് നിഗമനം. അധിക ദൂരമൊന്നും ഓടിയിട്ടില്ല എന്നാണ് ഉടമ പറയുന്നത്. പോലീസ് എത്തി പരിശോധിച്ചു.