ലഹരി മരുന്നു വാങ്ങാൻ പോലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച  യുവാക്കൾ പിടിയിൽ

കോഴിക്കോട്: പോലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ.

പന്തീരാങ്കാവ് മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറമ്പിൽ തൊടിയിൽ അക്ഷയ് (19) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ വളപ്പിനു പുറത്തെ ഒഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട സ്‌കൂട്ടറാണ് പ്രതികൾ രാത്രിയിലെത്തി മോഷ്ടിച്ചത്.

പ്രതികൾ  ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണ്. എംഡിഎംഎ പോലുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്നതിനു പണം കണ്ടെത്താൻ വേണ്ടിയാണ് മോഷണം നടത്തുന്നത്. മോഷ്ടിക്കുന്ന വാഹനം നമ്പർ മാറ്റി വാഹനത്തിന്റെ ആർസിയും മറ്റ് രേഖകളും കളഞ്ഞുപോയതാണെന്ന് പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്നും പ്രതികൾ പറഞ്ഞു.

പന്തീരാങ്കാവ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്  പ്രതികൾ കുടുങ്ങിയത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു മോഷണം.

മോഷണ കേസിൽ ഉൾപ്പെട്ടവരെക്കുറിച്ചും ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു.  നൂറോളം സി.സി.ടിവി ക്യാമറകളും അഞ്ഞൂറോളം കോൾ ഡീറ്റെയ്ൽസുകളും പരിശോധിച്ചു.

രാഹുൽ മുൻപ് ഒരു വീട്ടിൽ നിന്ന് പാത്രങ്ങളും വിളക്കുകളും മോഷണം നടത്തിയ കേസിൽ ജയിലിലായിരുന്നു. ഇയാൾ രണ്ടു മാസമായി ജാമ്യത്തിൽ ഇറങ്ങിയതാണ്.

കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു സ്‌കൂട്ടറും മോഷ്ടിച്ചിട്ടുണ്ടെന്നും ലഹരി ഉപയോഗിച്ച് സ്വബോധം ഇല്ലാതെയാണ് മോഷണം നടത്തിയെതെന്നും പ്രതികൾ പറഞ്ഞു. ഈ വാഹനവും പോലീസ് കണ്ടെടുത്തു.

Top