ന്യൂഡല്‍ഹി: കച്ചവടസ്ഥാപനങ്ങളില്‍ യു.പി.ഐ.(യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫെയ്സ്) വഴി പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ്സ് (പി.പി.ഐ) ഉപയോഗിച്ച് നടക്കുന്ന ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കാന്‍ നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശിപാര്‍ശ.
ഇതു റിസര്‍വ് ബാങ്ക് അംഗീകരിച്ചാല്‍ 2000 രൂപയ്ക്ക് മുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് അടുത്ത മാസം ഒന്ന് മുതല്‍ 1.1% ശതമാനം വരെ ഫീസ് നല്‍കേണ്ടിവരും. കച്ചവടക്കാരന്റെ വിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ 0.5 ശതമാനം മുതല്‍ 1.1 ശതമാനം വരെയാകും ഫീസ് ഈടാക്കുക.
സ്മാര്‍ട് കാര്‍ഡുകള്‍, മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ വാലറ്റുകള്‍, മൊബൈല്‍ അക്കൗണ്ടുകള്‍, മൊബൈല്‍ വാലറ്റുകള്‍, പേപ്പര്‍ വൗച്ചറുകള്‍ തുടങ്ങിയവയെല്ലാം പി.പി.ഐ. വിഭാഗത്തില്‍ ഉള്‍പ്പെടും. മൊബൈല്‍ വാലറ്റ് സൗകര്യം നല്‍കുന്ന പേ ടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ പോലുള്ള സേവനങ്ങള്‍ക്ക് പുതിയ നിരക്ക് ബാധകമാകും.
നിലവില്‍ യു.പി.ഐ. വഴി ഒരു അക്കൗണ്ടില്‍നിന്ന് മറ്റൊരു അക്കൗണ്ടിലേക്കുള്ള നേരിട്ടുള്ള ഇടപാടുകളാണു നടക്കുന്നത്. പി.പി.ഐ. ഉപയോഗിച്ച് 2000 രൂപയ്ക്ക് മേല്‍ പണം സ്വീകരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാവുക. വ്യക്തിഗത ഇടപാടുകള്‍ നടത്തുന്ന സാധാരണ യു.പി.ഐ. ഇടപാടുകാര്‍ക്ക് ഇത് ബാധിക്കില്ല. മാത്രവുമല്ല, ഭൂരിഭാഗം യു.പി.ഐ. ഇടപാടുകളും ചെറിയ തുകയ്ക്കുള്ളവയാണ്.
കച്ചവടക്കാരെയും പി.പി.ഐ. സേവന ദാതാക്കളെയുമാണ് പുതിയ നിരക്ക് ബാധിക്കുക. ഫീസ് ഏര്‍പ്പെടുത്തിയതിനാല്‍ പി.പി.ഐ. സേവനദാതാക്കള്‍ അവരുടെ സേവന നിരക്ക് അതിനനുസരിച്ച് ക്രമീകരിക്കേണ്ടതായി വരും.