തൊടുപുഴ: ഉപ്പുതറ പുല്ലുമേട്ടില്‍ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്നു കോടതി.
കൊലപാതകമെന്നു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു വിലയിരുത്തിയ തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. ഹരികുമാര്‍ മോഷണക്കേസില്‍ പ്രതിയ്ക്ക് മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചു. പുല്ലുമേട് സ്വദേശി സുജനമ്മ (സുനിത-35) മരിച്ച കേസിലാണ് തമിഴ്‌നാട് സ്വദേശി സുബ്രമണ്യന്‍ കുറ്റക്കാരനല്ലെന്ന് തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി കണ്ടെത്തിയത്.
എന്നാല്‍ സുജനമ്മയുടെ ഫോണ്‍ മോഷ്ടിച്ച കേസിലാണ് പ്രതിയെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചത്. 2008 ജൂെലെ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. സുജനമ്മയുടെ ഭര്‍ത്താവ് സുഗതന്‍ സംഭവത്തിന് ഒരു വര്‍ഷം മുമ്പ് ജീവനൊടുക്കിയിരുന്നു. വീട്ടുകാരോട് പിണങ്ങി കഴിയുകയായിരുന്ന സുജനമ്മ സമീപത്ത് ഷെഡു കെട്ടി താമസിക്കുകയായിരുന്നു. ഈ ഷെഡിലാണ് സുജനമ്മയെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
കേസ് അന്വേഷിച്ച പോലീസ് സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസന്വേഷണം അവസാനിപ്പിച്ചു. എന്നാല്‍ സുജനമ്മ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പരാതി ഉന്നയിച്ചതോടെ 2009-ല്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സുജനമ്മയുടെ കുഴിമാടം തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. എന്നാല്‍ സുജനമ്മ ഉപയോഗിച്ചിരുന്ന മൊെബെല്‍ ഫോണ്‍ കണ്ടെത്താനായില്ല.
സഹോദരന്‍ വാങ്ങിനല്‍കിയിരുന്ന ഫോണാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. മരിക്കുന്നതിനു മുമ്പ് ഇതില്‍നിന്നും ബന്ധുവിനെ വിളിച്ചിരുന്നു. തിനിടെ 2009 ഓഗസ്റ്റ് 24ന് പെരുവന്താനത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് സുബ്രമണ്യനെ പോലീസ് അറസ്റ്റു ചെയ്തു. വിവിധ മോഷണക്കേസുകളില്‍ പ്രതിയായ ഇയാളെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും സുജനമ്മയുടെ മരണവുമായി ബന്ധമില്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. മറ്റൊരു കേസില്‍ ഇയാള്‍ ജയിലിലാകുകയും ചെയ്തു. സുജനമ്മയുടെ ഫോണ്‍ വാങ്ങിയ കടക്കാരനെ പിന്നീട് ജയിലിലെത്തിച്ച് നടത്തിയ അന്വേണത്തിലാണ് ഇയാളാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായത്. കൂലിപ്പണിക്കായി കേരളത്തിലെത്തിയ പ്രതി മോഷണവും നടത്തിയിരുന്നു. സംഭവ ദിവസം സുജനമ്മയുടെ വീട്ടിലെത്തിയ പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇതിനെ എതിര്‍ത്ത ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു.
അബോധാവസ്ഥയിലായതോടെ മണ്ണെണ്ണ ഒഴിച്ച് വീടിനുതീയിടുകയും ഫോണ്‍ മോഷ്ടിച്ചു കടന്നുകളയുകയും ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. നിലവില്‍ മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് പ്രതി. അന്ന് ക്രൈംബ്രാഞ്ച് സിഐ ആയിരുന്ന എം.ആര്‍.മധുബാബുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.