സൂര്യ ഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം, 20 വർഷം കഠിന തടവും; തൂക്കു കയറാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ തൃപ്തയല്ലെന്നും മാതാവ്

തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. 4 മണിക്കാണ് വിധി പ്രസ്താവിച്ചത്.

പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അരുണി (20) നെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഇതിനു പുറമേ 20 വര്‍ഷം കഠിനതടവും അനുഭവിക്കണം. ആറു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ. വിഷ്ണുവാണ് വിധി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൂര്യഗായത്രിയെ അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണു കേസ്.

കൊലപാതകം, കൊലപാതകശ്രമം, കൈയേറ്റം, കുറ്റകരമായ ഭയപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായം പരിഗണിച്ചാണ് കോടതി വധശിക്ഷ ഒഴിവാക്കിയതെന്ന് സൂര്യഗായത്രിയുടെ അഭിഭാഷകന്‍ പറഞ്ഞു.

വിധിയില്‍ തൃപ്തയല്ലെന്ന് സൂര്യഗായത്രിയുടെ അമ്മ എ. വത്സല പറഞ്ഞു. അവന് തൂക്കുകയറാണ് പ്രതീക്ഷിച്ചിരുന്നത്. ഞാന്‍ മരിക്കും മുന്നേ അവനെ തൂക്കിക്കൊല്ലണം, അല്ലെങ്കില്‍ വെടിവെച്ചു കൊല്ലണം, ഞാന്‍ മരിക്കും മുന്നേ അത് കാണണം എന്നാണ് ആഗ്രഹം. ജീവനോടെ അവനെ വെട്ടിയെറിഞ്ഞ് തെരുവ് പട്ടിക്ക് കൊടുക്കണമായിരുന്നു എന്നായിരുന്നു എന്റെ ആഗ്രഹം.

എന്റെ പൊന്നുമോളുടെ ഒറ്റ ആശ്രയത്തിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. എന്ത് തരാമെന്ന് പറഞ്ഞാലും എന്റെ പൊന്നുമോളെ എനിക്ക് മറക്കാന്‍ കഴിയില്ല. എന്റെ മുന്നില്‍ അവനെ വെട്ടിക്കൊല്ലുന്നത് തനിക്ക് കാണണമെന്നും അവര്‍ വിധി വന്നയുടന്‍ കോടതിയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചിരുന്നു. 39 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

സൂര്യ ഗായത്രിയുടെ ഭര്‍ത്താവ് കൊല്ലം ചന്ദന തോപ്പ് സ്വദേശി രതീഷിനെയും കോടതി വിസ്തരിച്ചിരുന്നു. കൊല്ലപ്പെടുന്നതിനു മൂന്നു മാസം മുന്‍പു തന്നോടു പിണങ്ങിയ സൂര്യഗായത്രി അമ്മയുടെ കരിപ്പൂരുള്ള വീട്ടിലേക്കു വരികയായിരുന്നെന്ന് രതീഷ് കോടതിയെ അറിയിച്ചു. പ്രതി തന്നെ ഫോണില്‍ വിളിച്ച് സൂര്യഗായത്രിക്കും അമ്മയ്ക്കും പണി കൊടുക്കുമെന്ന് പറഞ്ഞതായും രതീഷ് കോടതിയില്‍ മൊഴി നല്‍കി. സൂര്യഗായത്രിയെ വിവാഹം ചെയ്തു നല്‍കാത്ത വിരോധമാണു പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഭരണവിഭാഗം ഡിവൈഎസ്പിയുമായ ബി.എസ്. സജിമോന്‍ മൊഴി നല്‍കി. കൃത്യം നടന്ന വീട്ടിനുള്ളിലെ ചുമരില്‍നിന്നു ലഭിച്ച വിരലടയാളം പ്രതി അരുണിന്റെതാണെന്നു വിരലടയാള വിദഗ്ധനും കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീനും വിനു മുരളിയും പ്രതിക്കു വേണ്ടി പരുത്തിപളളി. ടി.എന്‍. സുനില്‍കുമാറും ഹാജരായി.

 

Top