
നെടുമങ്ങാട്: ഭാര്യയെയും ഭാര്യ മാതാവിനേയും മർദ്ദിച്ച് ഭാര്യാ മാതാവിന്‍റെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.
നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം പുത്തൻ വീട്ടിൽ എഫ്. ഷെഹി(41)നെയാണ് നെടുമങ്ങാട് സിഐ എസ്. സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെയായിരുന്നു സംഭവം. ഇയാൾ ഭാര്യ ആശയെ(33) സ്ത്രീധനത്തിന്‍റെ പേരിൽ മർദ്ദിക്കുന്നത് തടയാനെത്തിയ ആശയുടെ അമ്മ കെസിയ(65)യുടെ മൂക്കിന് ഇടിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2013 ഏപ്രിൽ 16 നായിരുന്നു ഷെഹിനും ആശയും വിവാഹിതരായത്. വിവാഹ ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ തനിക്ക് സ്ത്രീധനം ലഭിച്ചില്ലെന്നും ബൈക്ക് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ഭാര്യ ആശയുമായി വഴക്ക് തുടങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.