ചെറുതോണി: കടബാധ്യതയെത്തുടര്‍ന്ന് കീടനാശിനി കഴിച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് കുടുംബത്തിന്റെ ആരോപണം.
കഞ്ഞിക്കുഴി പുന്നയാര്‍ ചൂടന്‍ സിറ്റി സ്വദേശികളായ കാരാടിയില്‍ ബിജു(46)വും ഭാര്യ ടിന്റു(40)വുമാണ് ജീവനൊടുക്കിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കഞ്ഞിക്കുഴി പുന്നയാര്‍ ചൂടന്‍ സിറ്റി സ്വദേശികളായ കാരാടിയില്‍ ബിജു-ടിന്റു ദമ്പതികള്‍ കീടനാശിനി കഴിച്ച് മരിച്ചത്.
വിഷം ഉള്ളില്‍ ചെന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന ഇവരുടെ മൂന്നു കുട്ടികള്‍ അപകടനില തരണം ചെയ്തു.
കൃഷിക്കാരനായിരുന്ന ബിജുവും ടിന്റുവും ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് കഞ്ഞിക്കുഴിയില്‍ ചെറുകിട ഹോട്ടല്‍ ആരംഭിച്ചത്. ടിന്റു ജോലി ചെയ്തുകൊണ്ടിരുന്ന ഹോട്ടല്‍ ഉടമ നിര്‍ത്തിയപ്പോള്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
ഈ വകയില്‍ മുമ്പ് ഹോട്ടല്‍ നടത്തിയിരുന്ന ആള്‍ക്ക് പണം കൊടുക്കാനുണ്ടായിരുന്നു. സമയത്ത് പണം ലഭിക്കാതെ വന്നപ്പോള്‍ അയാള്‍ ഹോട്ടലിലെ ഉപകരണങ്ങള്‍ തിരികെ കൊണ്ടുപോയി.
തുടര്‍ന്ന് മേശയും കസേരകളും മറ്റും ദിവസ വാടകയ്ക്ക് എടുത്താണ് ഹോട്ടല്‍ നിലനിര്‍ത്തിയത്. വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതായതോടെ ഉപകരണങ്ങള്‍ ഉടമസ്ഥന്‍ എടുത്തുകൊണ്ടുപോയി. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കുകയായിരുന്നു.
ബിജുവിന്റെ അമ്മ ഏലിക്കുട്ടിയുടെ പേരിലുള്ള 87 സെന്റ് പുരയിടത്തിന്റെ പട്ടയം പണയപ്പെടുത്തി പണം കടം വാങ്ങാനും ഇവര്‍ ശ്രമം നടത്തിയിരുന്നു
നിലവില്‍ പട്ടയം എവിടെയാണെന്ന് അറിയില്ലെന്നും വീട്ടില്‍ സൂക്ഷിച്ചിരുന്ന പട്ടയം നഷ്ടപ്പെട്ടതായും ബിജുവിന്റെ സഹോദരി ബിജി പറഞ്ഞു.
ഇതിനിടയില്‍ ബ്ലേഡ് പലിശയ്ക്ക് പണം കടം വാങ്ങിയ ചിലര്‍ ബിജുവിനെയും ടിന്റുവിനെയും ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
കഞ്ഞിക്കുഴി കേന്ദ്രമാക്കിയ ബ്ലേഡ് മാഫിയ തലവന്മാര്‍ ഇവരുടെ സ്ഥാപനത്തില്‍ പതിവായി എത്തിയിരുന്നതായും ഭീഷണിപ്പെടുത്തിയതായും ആരോപണമുയരുന്നുണ്ട്.
ഇതേത്തുടര്‍ന്നുള്ള മാനസിക-ശാരീരിക പീഡനങ്ങളും മറ്റുമാണ് കൂട്ട ആത്മഹത്യയിലേക്ക് ഇവരെ എത്തിച്ചതെന്നു പറയുന്നു.