ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ പശുക്കടത്തിന്റെ പേരിൽ വ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി.
ഗോസംരക്ഷകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇദ്രീസ് പാഷയെന്ന യുവാവിനെയാണ് മൃഗീയമായി കൊന്നത്. സംഭവത്തിൽ പുനീത് കെരെഹള്ളി എന്ന യാെളെ പോലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ചയാണ് ഇന്ദ്രീസ് പാഷയെ മരിച്ച നിലയിൽ കണ്ടത്.
തുടർന്ന് പുനീത് കെരെഹള്ളി അടക്കമുള്ള ഗോരക്ഷകർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി ഇന്ദ്രീസ് പാഷയുടെ ബന്ധുക്കൾ പ്രതിഷേധം നടത്തി.
ഇദ്രീസ് പാഷയെ മോചിപ്പിക്കാൻ പുനീത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അല്ലാത്തപക്ഷം കൊലപ്പെടുത്തുമെന്നു പറഞ്ഞതായും പാഷയുടെ കുടുംബം ആരോപിച്ചു.
കന്നുകാലികളുമായി ഇന്ദ്രീസ് പാഷയുടെ വാഹനം ഗോസംരക്ഷകർ തടയുകയായിരുന്നു. പ്രാദേശിക ചന്തയിൽ നിന്നാണ് കന്നുകാലികളെ വാങ്ങിയതെന്നും രേഖകൾ കൈവശമുണ്ടെന്നും ഇദ്രീസ് പാഷ പറഞ്ഞെങ്കിലും ഇയാളെ പുനീത് അധിക്ഷേപിക്കുകയും പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെടുകയും പിന്നീട് പാഷയെ ഓടിച്ചിട്ട് മർദ്ദിച്ചെന്നുമാണ് എഫ്ഐആർ.
പ്രതിഷേധവുമായി ഇദ്രീസ് പാഷയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ് അറിയിച്ചു.