തിരുവനന്തപുരം: മലയോര മേഖലയില്‍ കുരങ്ങില്‍നിന്നു ന്യുമോണിയ മനുഷ്യരിലേക്കു വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നു വനംവകുപ്പ് മുന്നറിയിപ്പ്. കുരങ്ങുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നു നിര്‍ദ്ദേശം.
ഹൈറേഞ്ചില്‍ പകര്‍ച്ചപ്പനിയും ന്യുമോണിയയും പടരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണു കുരങ്ങുകളില്‍നിന്നു ന്യുമോണിയ പകരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്.
കഴിഞ്ഞ മാസം വാഴച്ചാല്‍ വനമേഖലയില്‍ അതിരപ്പിള്ളി ഭാഗത്തു കുരങ്ങുകളില്‍ ന്യുമോണിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനത്തിനുള്ളിലും പുഴയില്‍ ഒഴുകുന്ന നിലയിലും കണ്ടെത്തിയ മൂന്നു കുരങ്ങുകളുടെ ജഡത്തിന്റെ സാമ്പിള്‍ കോടനാട് അഭയാരണ്യത്തിലെ ഫോറസ്റ്റ് റെസ്‌ക്യു ആന്‍ഡ് റിഹാബിലിറ്റേഷന്‍ ടീം പരിശോധിച്ചപ്പോഴാണ് അവയ്ക്കു ന്യുമോണിയ ബാധിച്ചിരുന്നതായി വ്യക്തമായത്.
ഇതിനു പിന്നാലെ സംസ്ഥാനത്തെ വിവിധ ഫോറസ്റ്റ് ഡിവിഷനുകളില്‍ നിരീക്ഷണത്തിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.
വനവുമായി സമ്പര്‍ക്കത്തില്‍ കഴിയുന്നവരും തോട്ടം തൊഴിലാളികളും വിനോദസഞ്ചരികളും മറ്റും കുരങ്ങിന്റെ അവശിഷ്ടങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നു വനം വകുപ്പ് നിര്‍ദ്ദേശിച്ചു. കാട്ടിലെ അരുവിയിലെ വെള്ളം ഉപയോഗിക്കുന്നതിലും ശ്രദ്ധവേണം. കുടിക്കാന്‍ തിളപ്പിച്ച വെള്ളം ഉപയോഗിക്കണം. കുരങ്ങിന്റെ ജഡം കണ്ടെത്തിയാല്‍, പരിശോധനയ്ക്ക് അയയ്ക്കണമെന്നു വനം ജീവനക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തേക്കടി, മൂന്നാര്‍, വയനാട് പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ കുരങ്ങന്മാരുമായി അകലം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.