കോയമ്പത്തൂര്‍: മദ്യപിച്ചെത്തിയ അച്ഛന്‍ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട മകന്‍ അമ്മാവന്റെ സഹായത്തോടെ അച്ഛനെ കൊലപ്പെടുത്തിയ 16കാരനായ മകനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കോയമ്പത്തൂര്‍ നാഗപട്ടണം ജില്ലയിലെ സീര്‍കാഴി സ്വദേശിയായ വി. വിജയകാന്ത് (52) മദ്യപിച്ച് വീട്ടിലെത്തി ഭാര്യ വി ഭാഗ്യലക്ഷ്മിയുമായി വഴക്കിടുന്നത് പതിവായിരുന്നു.
മകനും ഭാര്യാസഹോദരനായ ആര്‍.വിജയകുമാറും ചേര്‍ന്ന് വിജയകാന്തിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ഇരുവര്‍ക്കും നേരെ അരിവാള് വീശി. ഇതിനെത്തുടര്‍ന്ന് മകന്‍ അച്ഛനെ ഇഷ്ടികയ്ക്ക് ഇടിച്ച് വീഴ്ത്തി.
ഇതോടെ വിജയകുമാര്‍ തേങ്ങ കൊണ്ട് വിജയകാന്തിനെ ഇടിക്കുകയും തള്ളിമാറ്റുകയും ചെയ്തു. തള്ളിയ ആഘാതത്തില്‍ വിജയകാന്ത് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജയകാന്ത് സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
ഒരു വര്‍ഷമായി ജല്ലിപ്പട്ടിയില്‍ ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുകയാണ് വിജയകാന്തും കുടുംബവും. തൊഴിലാളികള്‍ക്കായുള്ള ക്വോര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിച്ചിരുന്നത്.