അടൂര്‍: കാറ്റ് താണ്ഡവമാടി താലൂക്കില്‍ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ട് മൂന്നരയോടെ വേനല്‍ മഴയ്‌ക്കൊപ്പം ഉണ്ടായ കാറ്റിലാണ് വ്യാപക നാശം സംഭവിച്ചത്.
മരക്കൊമ്പ് ഒടിഞ്ഞ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ബൈപ്പാസ് റോഡില്‍ മാവിന്റെ ശിഖരം ഒടിഞ്ഞ് കുര്യന്റെ കെ.ബി.സി എന്‍ിനീയേഴ്‌സ് കെട്ടിടത്തിന്റെ ഒരു വശത്തേക്ക് വീണു. ഇവിടെ മതിലും ഗേറ്റും തകര്‍ന്നു. വൈദ്യുതി ലൈനുകള്‍ പൊട്ടി. വണ്‍വേ റോഡ് അവസാനിക്കുന്ന ഭാഗത്തും റോഡിന് കുറുകെ മരം വീണു.
ചൂരക്കോട് കാര്‍ഗില്‍ നഗറില്‍ അമ്പിളി ഭവനില്‍ തെക്കേ പടിഞ്ഞാറ്റതില്‍ ശാന്തമ്മയുടെ വീടിന് മുകളിലേക്ക് മൂന്ന് മരങ്ങളാണ് വീണത്. ഓടിട്ട മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വെള്ളക്കുളങ്ങര വെള്ളാരംകുന്ന് കിണറ് വിളയില്‍ വിനോദ് ഭവനില്‍ വിജയന്റെ വീടിന് പുറത്തേക്ക് പുളിമരവും ആഞ്ഞിലിയും പ്ലാവും വീണു.
അടുക്കളഭാഗം തകരുകയും ബൈക്കിന് നാശം സംഭരിക്കുകയും ചെയ്തു.കാറ്റില്‍ കിണറ് വിളയില്‍ ഷേര്‍ളിയുടെ വീടിന്റെ ഓട് കാറ്റത്ത് പറന്നു പോയി. വെള്ളക്കുളങ്ങര ജങ്ഷനില്‍ പാലത്തിന് സമീപം കനാല്‍ റോഡിലേക്ക് മരങ്ങള്‍ വീണ് നിരവധി പോസ്റ്റുകള്‍ തകര്‍ന്നു. ഗതാഗത തടസവും ഉണ്ടായി. അടൂര്‍-ശാസ്താംകോട്ട പാതയില്‍ മണക്കാലയില്‍ മാവിന്റെ ശീഖരം ഒടിഞ്ഞ് വീണ് ഒരു മണിക്കൂറാളം ഗതാഗതം തടസ്സപ്പെട്ടു.
ഇതാടെ അടൂരില്‍ നിന്നും വന്ന വാഹനങ്ങള്‍ ചൂരക്കോട് വഴി തിരിച്ചു വിട്ടു. മരം വീണ്അടൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് പുറകില്‍ ഇല്ലത്തറയില്‍ ശ്രീകുമാറിന്റെ കാറിന് നാശം സംഭവിച്ചു. ചൂരക്കോട് വെള്ളക്കുളങ്ങര, മണക്കാല, വയല ഭാഗങ്ങളിലും അടൂര്‍ നഗരസഭയുടെ ടൗണ്‍ പ്രദേശത്തുമാണ് കാറ്റ് കൂടുതലായി നാശം വിതച്ചത്. കുലക്കാറായ വാഴകള്‍ , വെറ്റിലക്കൊടി , മറ്റ് കിഴങ്ങ് വര്‍ഗ വിളകള്‍ പച്ചക്കറി കൃഷിക്കും നാശം സംഭവിച്ചു.
അറുകാലിക്കല്‍ , ചൂരക്കോട്, വെള്ളക്കുളങ്ങര, പന്നിവിഴ എന്നിവിടങ്ങളില്‍ കൃഷിക്ക് വ്യാപക നാശം സംഭവിച്ചു. അടൂര്‍ താലൂക്കിന്റെ പരിധിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 22 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ഏറത്ത് വില്ലേജിലാണ് 15 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.
പത്തനംതിട്ട ജില്ലയിലെ ഓട്ടോമാറ്റിക്ക് വെതര്‍ സ്‌റ്റേഷനുകളില്‍ രേഖപ്പെടുത്തിയ കൂടിയ കാറ്റിന്റെ വേഗം ഏനാദിമംഗലത്ത് മണിക്കൂറില്‍ 43 കി.മീറ്ററാണ്.