കോട്ടയം: നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അനധികൃത പണപ്പിരിവുമായി സംഘങ്ങൾ വ്യാപകമാകുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന സംഘങ്ങൾ വ്യാപാരികളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായാണ് പതിവ്.
പണം നൽകാത്തവർക്കെതിരെ ഗുണ്ടായിസം നടത്തുന്നതായും, വ്യാജ പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കോട്ടയം നഗരമധ്യത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലും, തിരുനക്കര മൈതാനത്ത് നടന്ന മേളയിലും ഇത്തരം തട്ടിപ്പ് സംഘങ്ങൾ പണപ്പിരിവുമായി എത്തിയതിന്റെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.
രാഷ്ട്രീയ പാർട്ടികളുടെ പേരിലാണ് കോട്ടയം നഗരത്തിൽ ഒരു സംഘം അനധികൃത പിരിവുമായി രംഗത്തിറങ്ങുന്നത്. വ്യവസ്ഥാപിതമല്ലാത്ത രാഷ്ട്രീയ പാർട്ടികളുടെ പേരിൽ രസീത് അടിച്ച് പിരിവിനിറങ്ങുന്ന സംഘങ്ങൾ, അവർ ഉദ്ദേശിക്കുന്ന തുക ലഭിച്ചില്ലെങ്കിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നത് പതിവാണ്.
ഇത്തരത്തിൽ എതിർത്ത് നിൽക്കാൻ ശ്രമിക്കുന്ന വ്യാപാരികളുടെ കടകളിൽ ഉപഭോക്താക്കൾ ഉള്ള സമയങ്ങളിൽ എത്തി അക്രമം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നതാണ് ഈ സാമൂഹിക വിരുദ്ധ സംഘങ്ങളുടെ പതിവ്.
തിരുനക്കര ഉത്സവത്തിന്റെ ഭാഗമായി മൈതാനത്തൊരുക്കിയിരുന്ന വ്യവസായ മേളയിലും ഇത്തരത്തിൽ പിരിവുമായി സംഘം എത്തിയിരുന്നു. ഇവിടെ താല്കാലിക കടകൾ ഒരുക്കിയ ആളുകളിൽ നിന്നും പണം പിരിക്കുന്നതിനാണ് ഈ സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന്, ഇവിടെ നിന്നും പണം ലഭിക്കാതെ വന്നതോടെ ഭീഷണി അടക്കം മുഴക്കിയാണ് സംഘം സ്ഥലം വിട്ടത്.
കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു വ്യവസായ സ്ഥാപനത്തിലും സംഘം ഭീഷണിയുമായി എത്തി. തുടർന്ന് ഇവിടെ സംഘർഷം സൃഷ്ടിക്കാനും ശ്രമം നടത്തി. ഇത്തരത്തിൽ അനധികൃതമായി പിരിച്ചെടുക്കുന്ന പണം ഈ സംഘം മദ്യപാനത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ രസീത് അടിച്ചെത്തി ദിവസവും പതിനായിരങ്ങാണ് ഈ തട്ടിപ്പ് സംഘം പിരിക്കുന്നത്.ഇത്തരത്തിൽ പിരിക്കുന്ന പണം മദ്യപാനത്തിന് അടക്കം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ കർശന നടപടികൾ എടുക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.