ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരിയില്‍ കന്നുകാലി വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ പോലീസ് പിടിയില്‍. ഗുജറാത്ത്, രാജസ്ഥാന്‍ പോലീസിന്റെ സഹായത്തോടെ രാജസ്ഥാനില്‍ വച്ച് കര്‍ണാടക പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സ്വയം പ്രഖ്യാപിത പശു സംരക്ഷനും ഹിന്ദുത്വ ആക്ടിവിസ്റ്റുമായ പുനീത് കീരഹള്ളി അടക്കം അഞ്ചു പേരെ രാജസ്ഥാനിലെ ബനസ്വാരയില്‍ വച്ച് പിടികൂടിയതായി പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഇവര്‍ നിരന്തരമായ യാത്രയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികളെ പിടികൂടുന്നതില്‍ കാലതാമസമുണ്ടായതെന്നും പോലീസ് പറഞ്ഞു.
ഇദ്രിസ് പാഷയുടെ മരണവുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുകയാണ്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കാര്യമായ പരിക്കുകള്‍ കണ്ടെത്തിയിട്ടില്ല. മരണകാരണം ഹൃദയാഘാതമായിരിക്കാമെന്ന നിഗമനവും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും പോലസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയായിരുന്നു ഇദ്രിസിനെയും സഹായികളെയും കന്നുകാലികളുമായി പോകുമ്പോള്‍ ഗോസംരക്ഷകര്‍ തടയുന്നത്. കന്നുകാലികളെ വാങ്ങിയതിന്റെ രേഖകളടക്കം കാണിച്ചുനല്‍കിയിട്ടും പുനീതിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്രിസിനെ ഉപദ്രവിക്കുകയും അസഭ്യംപറയുകയും പാകിസ്താനിലേക്ക് പോകാനും ആവശ്യപ്പെട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് ഇദ്രിസിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി പ്രതിഷേധിച്ചു. ഇദ്രിസിനെ മര്‍ദിച്ച് കൊന്നതാണെന്നും ഇദ്രിസിനെ ജീവനോടെ വിട്ടുനല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് പുനീത് ആവശ്യപ്പെട്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.