മതിയായ ചികിത്സ കിട്ടിയില്ല, മധ്യവയസ്‌ക്കന്‍ മരിച്ചു; ഗവ. മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളുടെ പ്രതിഷേധം, സംഘര്‍ഷം

മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ കിട്ടാതെ മധ്യവയസ്‌ക്കന്‍ മരിച്ചതായി പരാതി. വൈള്ളമുണ്ട ഏഴേ രണ്ടിലെ ബിയ്യൂര്‍കുന്ന് കോളനിയിലെ രാമന്‍(49) മരിച്ച സംഭവത്തിലാണ് ബന്ധുക്കളുടെ പരാതി.

കാത്ത് ലാബ് ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മടങ്ങിയതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം ഇത്തരത്തിലൊരു ആരോപണമുയര്‍ന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം തലകറക്കവും ഛര്‍ദ്ദിയുമുണ്ടായതിനെത്തുടര്‍ന്നാണ് ഭാര്യ സുജാതയും രാമന്റെ സഹോദരന്‍ ഗോപാലനും ചേര്‍ന്ന് രാമനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. അത്യാഹിത വിഭാഗത്തില്‍ ഇയാളെ പ്രവേശിപ്പിക്കുകയും ചെയ്തു.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്‌കാന്‍ ചെയ്യുകയും തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചികിത്സ തുടരുകയും രാമനെ പുരുഷന്മാരുടെ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, വൈകുന്നേരത്തോടെ രോഗം മൂര്‍ഛിക്കുകയും വായില്‍ കൂടിയും മൂക്കില്‍കൂടിയും കഫം വരികയും ചെയ്തു.

തുടര്‍ന്ന്, നഴ്‌സ് രാമന് രണ്ട് ഗുളികയും ഇഞ്ചക്ഷനും നല്‍കി. എന്നാല്‍, ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയില്ല. തുടര്‍ന്ന് രാത്രി ഏഴരയോടെ രാമന് ശ്വാസംമുട്ടലുണ്ടാകുകയും വിവരം ഡ്യൂട്ടി നഴ്‌സിനോട് പറഞ്ഞെങ്കിലും ആരും എത്തുകയോ ചെയ്തില്ല. എട്ടരയ്ക്ക് രാമന്‍ മരിച്ചതിന് ശേഷമാണ് ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് എത്തിയതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. ചികിത്സ കിട്ടാതെയാണ് രാമന്‍ മരണപ്പെട്ടതെന്നും ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.

പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. വാര്‍ഡില്‍ നിന്നും രാത്രി 10.30ന് മൃതദേഹം ആശുപത്രി ജീവനക്കാര്‍ മോര്‍ച്ചറിയിലെ വരാന്തയിലേക്ക് മാറ്റിയിരുന്നു. ആരുമില്ലാതെ മൃതദേഹം അനാഥമായി കിടന്നു. പിന്നീടാണ് പുരുഷന്‍മാരുടെ വാര്‍ഡിന് മുമ്പിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും രാമന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയ വിവരമറിയുന്നത്.

ബന്ധുക്കള്‍ മോര്‍ച്ചറിക്ക് മുന്നിലെത്തിയപ്പോള്‍ വരാന്തയില്‍ കിടത്തിയ രാമന്റെ മൃതദേഹമാണ് കണ്ടത്. ഇതോടെ നാട്ടുകാര്‍ ക്ഷുഭിതരായി പോലീസുമായി വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷാവസ്ഥയുണ്ടാകുകയും ചെയ്തു. പിന്നീട് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഇടപെട്ടാണ് ബന്ധുക്കളെ ശാന്തമാക്കിയത്.

Top