തൊടുപുഴ: ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ്ഐ കെ.സി. ഷാജിയെ സസ്പെൻഡ് ചെയ്തു. ജോലിക്കിടെ പൊതുജനമധ്യത്തിൽ ഡാൻസ് ചെയ്തതിനാണ് സസ്പെൻഷൻ. എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെ ശാന്തൻപാറയിലെ എസ്ഐ കെ.സി. ഷാജിയാണ് ഇങ്ങനെ യൂണിഫോമിൽ ഡാൻസ് ചവിട്ടുന്നത്. ചൊവ്വാഴ്ചയാണ് സംഭവം.
കെ.സി. ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ശാന്തൻപാറ സിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്പെൻഡ് ചെയ്തത്.
എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ സ്ഥലത്ത് ഷാജിയെയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ജോലിക്ക് നിയോഗിച്ചു. ചടങ്ങുകൾക്കിടെ ഉച്ചഭാഷിണിയിലൂടെ തമിഴ് പാട്ട് കേട്ടതോടെ എസ്ഐ ഷാജി നൃത്തം തുടങ്ങി. നൃത്തം നീണ്ടതോടെ നാട്ടുകാർ ഇടപെട്ടാണ് പിടിച്ചു മാറ്റിയത്.
സ്ഥലത്തുണ്ടായിരുന്ന ചിലർ പകർത്തിയ ദൃശ്യങ്ങൾ സമൂമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ശാന്തൻപാറ സി ഐ അന്വേഷണം നടത്തി മൂന്നാർ ഡിവൈഎസ്പിക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിഐജി സസ്പെൻഡ് ചെയ്തത്.
എസ് ഐ മദ്യപിച്ചിരുന്നതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇത് സ്ഥിരീകരിക്കാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2004 എറണാകുളം ജില്ലയിൽ ജോലി ചെയ്യുമ്പോൾ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഇദ്ദേഹത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്.