തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
എകെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ മറ്റാരുമല്ല. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. അനിൽ പോകുന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത കാലമാണിത്. അക്കൂട്ടത്തിലൊന്നായി അനിൽ ബിജെപിയിൽ ചേർന്നതിനെയും കാണാം. ചതിയുടെ ദിവസമാണിന്ന്. അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തു. എകെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ ആരുമല്ല. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ട് പോയിട്ടില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പ് പൊഴിക്കാത്തയാളാണ് അനിൽ. ആന്റണിയുടെ മകനായതിനായതിനാലാണ് അയാൾ കോൺഗ്രസുകാരനെന്ന് നമ്മൾപോലും പറയുന്നത്. രാഷ്ട്രീയം വ്യക്തിഗതമാണ്. ഒരു കുടുംബത്തിൽ വ്യത്യസ്ത രാഷ്ട്രീയമുള്ളത് മുമ്പുമുണ്ടായിട്ടുണ്ട്.
അനിൽ ബിജെപിയിൽ ചേർന്ന വിവരമറിഞ്ഞ് ആന്റണിയുമായി സംസാരിച്ചെന്നും മക്കളുടെ രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞതെന്നും സുധാകരൻ അറിയിച്ചു.