കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് ഡിജിപി അനിൽകാന്ത്.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഏതൊക്കെ വകുപ്പുകൾ ചുമത്തണമെന്ന് ഇപ്പോൾ പറയാനാകില്ല. ഒരു സാധ്യതയും ഈ ഘട്ടത്തിൽ തള്ളിക്കളയാനാകില്ല. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന കാര്യത്തിൽ ഇപ്പോൾ വെളിപ്പെടുത്താനാകില്ല.
ഷാറൂഖ് സെയ്ഫി ഒറ്റയ്ക്കാണോ ആക്രമണം നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ല. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ ആരംഭിക്കും. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാലേ കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന് വ്യക്തതവരൂ. ചോദ്യം ചെയ്യലിൽ ലഭ്യമാകുന്ന കാര്യങ്ങളെല്ലാം പരിശോധിക്കും. കേസിൽ എല്ലാ ഭാഗവും പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
മഹാരാഷ്ട്ര പോലീസ്, പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നിവരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയത്. വ്യക്തമായ സൂചനകൾ പിന്തുടർന്ന് ശരിയായ സമയത്ത് ഏജൻസികളുടെ സമയോജിത പ്രവർത്തനങ്ങളിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് ഡി.ജി.പി. അറിയിച്ചു.