കോഴിക്കോട്: താമരശേരിയിലെ വീട്ടിൽനിന്ന് ദമ്പതികളെ തട്ടിക്കൊണ്ടുപോയി. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി നാലംഗ സംഘം കടന്നു. ഇന്നലെ രാത്രി10 നാണ് സംഭവം. അക്രമികൾ മുഖം മറച്ചിരുന്നു.
പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയാണ് ഒരു സംഘം ആളുകളെത്തി തട്ടിക്കൊണ്ടു പോയത്. ദുബായിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്.
ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ സംഘം അൽപ്പദൂരം കഴിഞ്ഞപ്പോൾ ഷാഫിയുടെ ഭാര്യ സെനിയെ വഴിയിൽ ഇറക്കിവിട്ട് ഷാഫിയുമായി കടന്നുകളയുകയായിരുന്നു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഷാഫിയെ കൊണ്ടുപോയത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ താമരശേരി പോലീസ് അന്വേഷണം തുടങ്ങി.
വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നതെന്നും സെനിയോ പോലീസിനോട് പറഞ്ഞു. അതിക്രമിച്ചു കയറിയ സംഘം ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കാറിൽ കയറ്റിയതെന്നും ഇവർ പറയുന്നു.
രാത്രി വീടിന് പുറത്ത് നിന്ന് ശബ്ദം കേട്ട് പുറത്തേക്ക് പോയപ്പോൾ ഷാഫിയെ നാല് പേർ ചേർന്ന് വലിച്ച് കൊണ്ടുപോകുന്നതാണ് കണ്ടത്. താനും അനിയന്‍റെ ഭാര്യയും തടയാൻ ശ്രമിച്ചപ്പോൾ തന്നെയും കാറിലേക്ക് വലിച്ച് കയറ്റി.
എന്നാൽ, കാറിന്‍റെ ഡോർ അടയ്ക്കാൻ കഴിഞ്ഞില്ല. കുറച്ച് ദൂരം പോയ ശേഷം തന്നെ ഇറക്കിവിടുകയായിരുന്നെന്നും യുവതി പറഞ്ഞു