
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പന്തളം മുളമ്പുഴയിൽ തടയിണയ്ക്കു സമീപം കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘത്തിലെ ഒരാളാണ് മരിച്ചത്. ചെങ്ങന്നൂർ കാരയ്ക്കാട് സിനി ഭവനത്തിൽ പരേതനായ അശോകന്‍റെ മകൻ കമൽ എസ്. നായരാ(23)ണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. കുളിക്കാനിറങ്ങിയ നാലംഗ സംഘം ഒഴുക്കിൽ പെടുകയായിരുന്നു. ഇതിൽ മൂന്ന് പേര്‍ നീന്തി കരയ്ക്ക് കയറി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട സ്കൂബാ ടീമും അടൂർ ഫയർ ഫോഴ്സും സ്ഥലത്ത് എത്തി നടത്തിയ സംയുക്ത തിരച്ചിലിൽ തടയണയ്ക്ക് അൻപത് മീറ്റർ താഴെ നിന്നും കമലിന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
നെയ്യാറ്റിൻകര അമരവിള സ്വദേശി രതീഷ് മോൻ (29), മുളക്കുഴ സ്വദേശി ജിബി കെ വർഗ്ഗീസ് (38), കൊഴുവല്ലൂർ സ്വദേശി അനീഷ് കുമാർ (23) എന്നിവരാണ് രക്ഷപെട്ടത്.
അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ റജി കുമാറിന്‍റെ നേതത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പന്തളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.